മഞ്ജു വാര്യര്‍ നായികയായ പുതിയ ചിത്രത്തിന് വിലക്ക് .സംവിധായകന് അരുണ്‍ കുമാര്‍ അരവിന്ദിനെതിരെയുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും തിയറ്ററുടമകളുടെയും വിലക്കാണ് മഞ്ജുവാര്യര്‍ നായികയാകുന്ന സിനിമയുടെ ചിത്രീകരണത്തിന് പ്രതിസന്ധിയാകുന്നത്.
വണ്‍ ബൈ ടു എന്ന സിനിമയുടെ മുന്‍നിശ്ചയപ്രകാരമുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാതെ നിര്‍മാതാവിന് വന്‍സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാരോപിച്ച് സിനിമയുടെ നിര്‍മാതാവ് ബി രാകേഷ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അരുണിന് വിലക്കേര്‍പ്പെടുത്തിയത്. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ മഞ്ജു വാര്യരെ നായികയാക്കി അരുണ്‍കുമാര്‍ അരവിന്ദ് പുതിയ ചിത്രം അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും വിലക്ക് ഭീഷണിയുമായി എത്തിയിരിക്കുന്നത്.
എന്നാല്‍ അരുണ്‍ കുമാറിന് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാനും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയെ അറിയിക്കാനോ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തയ്യാറായില്ല. നിര്മാതാവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം പുതിയ ചിത്രവുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്. അരുണ്‍ കുമാര്‍ അരവിന്ദിനെതിരെ നടപടിയെടുത്തതായോ സിനിമ വിലക്കിയതായോ പരസ്യമായി പറയാനും ഔദ്യോഗിക വിശദീകരണം നല്‍കാനും നിര്‍മ്മാതാക്കളുടെ സംഘടന ഇതുവരെ തയ്യാറായിട്ടില്ല. അരുണ്‍ കുമാറിന്റെ പുതിയ ചിത്രത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കാനാണ് ഫെഫ്കയുടെ തീരുമാനം.
Discussion about this post