ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം ആകുന്നു. അന്തരീക്ഷം വിഷമയമായ പശ്ചാത്തലത്തിൽ പ്രൈമറി സ്‌കൂളുകൾ അടച്ചു പൂട്ടി. ഇന്ന് രാവിലെ ആറ് മണിയ്ക്ക് നടത്തിയ പരിശോധനയിൽ 481 ആയിരുന്നു വായുവിന്റെ ഗുണനിലവാരം.
ഞായറാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിൽ വായുവിന്റെ ഗുണനിലവാരം 457 ആയിരുന്നു. മണിക്കൂറുകൾ കൊണ്ടാണ് മലിനീകരണ തോത് വർദ്ധിച്ച് 481 ൽ എത്തിയത്. മലിനീകരണ തോത് വർദ്ധിക്കുന്നത് ആളുകളുടെ ആരോഗ്യനില മോശമാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സ്‌കൂളുകൾ അടച്ച് പൂട്ടിയതിന് പുറമേ മറ്റ് നിയന്ത്രണങ്ങളും ഡൽഹിയിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
ട്രക്കുകൾക്ക് സംസ്ഥാനത്തേയ്ക്ക് കടക്കുന്നതിന് നിയന്ത്രണം ഉണ്ട്. അവശ്യസാധനങ്ങളുമായി എത്തുന്ന ട്രക്കുകളെ മാത്രം കടത്തിവിട്ടാൽ മതിയെന്നാണ് തീരുമാനം. എൽഎൻജി, സിഎൻഡി, ഇലക്ട്രിക് എൻജിനുകൾ ഉള്ള ട്രക്കുകൾക്ക് മാത്രമാണ് അതിർത്തി കടക്കാൻ അനുമതിയുള്ളത്. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ ഡൽഹിയിൽ എത്തുന്നതിനും നിയന്ത്രണം ഉണ്ട്.
ആറ് മുതൽ 9ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പ്ലസ് വൺ വിദ്യാർത്ഥികൾക്കും ഓൺലൈൻ ആയി ക്ലാസുകൾ തുടരാനാണ് സ്‌കൂളുകൾക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഓഫീസുകൾ 50 ശതമാനം തൊഴിലാളികളെ ഉൾപ്പെടുത്തി പ്രവർത്തിക്കണം എന്നും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post