ന്യൂഡൽഹി: മുൻ മന്ത്രിയും ആംആദ്മി നേതാവും ആയിരുന്ന കൈലാഷ് ഗെഹ്ലോട്ട് ബിജെപിയിൽ. രാജി പ്രഖ്യാപനത്തിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ബിജെപിയിലെ മുതിർന്ന നേതാക്കൾ ചേർന്ന് അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ഇന്ന് ഉച്ചയോടെയായിരുന്നു കൈലാഷിന്റെ രാജി പ്രഖ്യാപനം. എക്‌സിലൂടെ രാജിക്കത്ത് പുറത്തുവിട്ടുകൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് യമുനാ നദിജല പ്രശ്‌നം ഉൾപ്പെടെ പരിഹരിക്കാമെന്ന് ആംആദ്മി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ജയിച്ചതിന് പിന്നാലെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം പോലും പൂർത്തീകരിക്കാൻ പാർട്ടി. ഇതിൽ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നത് എന്നാണ് അദ്ദേഹം രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്.
മന്ത്രിസ്ഥാനവും ആംആദ്മിയുടെ പ്രാഥമിക അംഗത്വവും ആയിരുന്നു കൈലാഷ് രാജിവച്ചത്. രാജിക്കത്ത് പാർട്ടിയുടെ അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനും മുഖ്യമന്ത്രി അതിഷിയ്ക്കും കൈമാറിയ ശേഷം ഉച്ചയോടെ അദ്ദേഹം ബിജെപി നേതാക്കളെ കാണുകയായിരുന്നു. പാർട്ടി ആസ്ഥാനത്ത് എത്തിയായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഹരിയാന മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ ലാൽ ഖട്ടാർ അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
നജഫ്ഗഡ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് കൈലാഷ്. കെജ്രിവാൾ മന്ത്രിസഭയിൽ അംഗമായ അദ്ദേഹം ഗതാഗതം, ഐടി എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. ബിജെപിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കൈലാഷ് പ്രതികരിച്ചു.
Discussion about this post