മുംബൈ : മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം പറയുന്ന സിനിമ എമർജൻസിക്ക് ക്ലീൻ ചിറ്റ് നൽകി സെൻസർ ബോർഡ്. നടിയും മാണ്ഡി എംപിയുമായ കങ്കണ റണാവത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എമർജൻസി. സിഖ് സമൂഹത്തിലെ ഒരു വിഭാഗത്തിൽ നിന്നും ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് സെൻസർ നടപടികൾ നീണ്ടു പോയതിനെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നത്.
ഇപ്പോൾ സെൻസർ ബോർഡ് നിർദ്ദേശിച്ച ഭാഗങ്ങൾ നീക്കം ചെയ്താണ് ചിത്രം പുറത്തിറക്കുന്നത്. കങ്കണ റണാവത്ത് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. അടുത്തവർഷം ആയിരിക്കും ചിത്രം തീയറ്ററുകളിലേക്ക് എത്തുക. 2025 ജനുവരി 17-ന് എമർജൻസി തിയേറ്ററുകളിൽ റിലീസ് ചെയ്യും എന്നാണ് കങ്കണ അറിയിച്ചിട്ടുള്ളത്.
നേരത്തെ 2024 സെപ്റ്റംബറിൽ എമർജൻസി റിലീസ് ചെയ്യുമെന്ന് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡിന്റെയും കോടതി നടപടികളുടെയും നീണ്ടുപോകൽ കാരണമാണ് ചിത്രത്തിന്റെ റിലീസ് വൈകിയത്. ചിത്രത്തിൻ്റെ ട്രെയിലർ ഓഗസ്റ്റ് 14 ന് പുറത്തിറങ്ങിയിരുന്നു. അതിനുശേഷമാണ് സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ ഉയർന്നത്. ചിത്രത്തിനെതിരെ പഞ്ചാബിൽ പ്രതിഷേധം നടക്കുകയും നിരോധിക്കണമെന്ന ആവശ്യമുയരുകയും ചെയ്തു. തുടർന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഎഫ്‌സി ഒരു റിവൈസിംഗ് കമ്മിറ്റി രൂപീകരിച്ച് ചിത്രത്തിന്റെ ഉള്ളടക്കം വിലയിരുത്തുകയും ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
Discussion about this post