ന്യൂഡൽഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലയാളി ബൽവന്ത് സിംഗ് രജോവാനയുടെ ദയാഹർജിയിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. 1995ൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന ബിയാന്ത് സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയാണ് ബൽവന്ത് സിംഗ് രജോവാന. കഴിഞ്ഞ വർഷം മെയ് 3 ന് വധശിക്ഷ ഇളവ് ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രജോവാന രാഷ്ട്രപതിക്ക് ദയാ ഹർജി നൽകിയിരുന്നത്.
രണ്ടാഴ്ചയ്ക്കകം ഹർജി പരിഗണിക്കണമെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ്, പികെ മിശ്ര, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. കേസ് നവംബർ 25 ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി . സെപ്റ്റംബർ 25 ന് രജോവാനയുടെ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാർ , പഞ്ചാബ് സർക്കാർ, ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശം എന്നിവയിൽ നിന്ന് പ്രതികരണം തേടിയിരുന്നു.
1995 ഓഗസ്റ്റ് 31നാണ് ചണ്ഡീഗഡിലെ സിവിൽ സെക്രട്ടേറിയറ്റിൻ്റെ കവാടത്തിലുണ്ടായ സ്‌ഫോടനത്തിൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയും മറ്റ് 16 പേരും കൊല്ലപ്പെട്ടത്. കേസിലെ മുഖ്യ പ്രതിയായ ബൽവന്ത് സിംഗ് രജോവാനക്ക് 2007 ജൂലായിൽ പ്രത്യേക കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. വധശിക്ഷ ഇളവ് ചെയ്യാൻ സുപ്രീം കോടതിയിൽ നൽകിയിരുന്ന ഹർജി കഴിഞ്ഞവർഷം തള്ളിയതോടെയാണ് ആർട്ടിക്കിൾ 72 പ്രകാരം രജോവാന രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരുന്നത്.
Discussion about this post