റായ്പൂർ: മദ്യപിയ്ക്കാൻ ഭാര്യ പണം നൽകാത്തതിനെ തുടർന്ന് വൈദ്യുതി പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഛത്തീസ്ഗഡിലെ കോർബയിലാണ് സംഭവം. ദാദർ സ്വദേശിയായ കരൺ ആണ് പണം ആവശ്യപ്പെട്ട് ഇലക്ട്രിക് പോസ്റ്റിൽ കയറി ഭീഷണി മുഴക്കിയത്. പോലീസ് എത്തി ഇയാളെ താഴെയിറക്കി.
മദ്യപിയ്ക്കാനായി 26 കാരൻ ആയ ഇയാൾ ഭാര്യയുടെ പക്കൽ നിന്നും 500 രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭാര്യ ഇത് നൽകിയില്ല. ഇതിന് പിന്നാലെ യുവാവ് ടവറിന്റെ മുകളിൽ കയറി ഇരിക്കുകയായിരുന്നു. തുടർന്ന് താഴെയ്ക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ മദ്യം വാങ്ങിച്ച് തരാമെന്നും താഴെ ഇറങ്ങണം എന്നും ആവശ്യപ്പെടുക ആയിരുന്നു. എന്നാൽ യുവാവ് താഴെ ഇറങ്ങിയില്ല. പിന്നാലെ ഇയാളുടെ അമ്മ എത്തി അനുനയിപ്പിച്ച് ഇയാളെ താഴെ ഇറക്കാൻ ശ്രമം നടത്തി. എന്നാൽ യുവാവ് കൂടുതൽ ഉയരത്തിലേക്ക് കയറി പോകുകയായിരുന്നു.
യുവാവ് താഴെ ഇറങ്ങുന്നില്ലെന്ന് കണ്ട് പ്രദേശവാസികൾ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി അനുനയിപ്പിച്ചു. ഇതോടെ യുവാവ് ഇറങ്ങാമെന്ന് സമ്മതിയ്ക്കുകയായിരുന്നു. ഇതോടെ നാട്ടുകാരും പോലീസും ആശ്വാസത്തിലായി. എന്നാൽ താഴേയ്ക്ക് ഇറങ്ങാതെ വീണ്ടും യുവാവ് മുകളിലേക്ക് കയറുകയായിരുന്നു. പിന്നീട് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ താഴെ ഇറക്കുകയായിരുന്നു.
Discussion about this post