ചെന്നൈ: ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. ആർക്കും അറിയാത്ത നിരവധി കാര്യങ്ങളാണ് ഡോക്യുമെന്ററിൽ താരം തുറന്നുപറഞ്ഞിരിക്കുന്നത്. നയൻതാര ബിയോണ്ട് ദി ഫെയരി ടേൽ എന്ന പേര് നൽകിയിരിക്കുന്ന ഡോക്യുമെന്ററി താരത്തിന്റെ ജന്മദിനത്തിൽ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്.
തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. എന്നാൽ കുറച്ച് സിനിമകൾ ചെയ്തതിന് പിന്നാലെ താരം ഒരു ഇടവേളയെടുത്തു. ഇതിന്റെ കാരണം താരം ഡോക്യുമെന്ററിൽ പങ്കുവയ്ക്കുന്നുണ്ട്. ഇത് വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. ഒരാളുടെ നിർബന്ധത്തിൽ വഴങ്ങിയാണ് താൻ സിനിമ ഉപേക്ഷിച്ചത് എന്നാണ് നയൻതാര പറയുന്നത്.
സിനിമ ഉപേക്ഷിക്കാൻ എന്നെ അയാൾ നിർബന്ധിച്ചു. നിർബന്ധത്തിന് വഴങ്ങുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. അങ്ങനെ സിനിമയിൽ നിന്നും ഞാൻ വിട്ട് നിന്നു- ഇങ്ങനെയാണ് താരത്തിന്റെ വാക്കുകൾ. എന്നാൽ ആരെക്കുറിച്ചാണ് പരാമർശം എന്ന് നയൻതാര ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നില്ല.
പേരോ മറ്റ് സൂചനകളോ ഒന്നും താരം നൽകുന്നില്ല. എന്നാൽ താൻ ആരുടേയോ നിയന്ത്രണത്തിലായിരുന്നു എന്ന നടിയുടെ തുറന്നു പറച്ചിൽ ആരാധകരെ അമ്പരപ്പിലാക്കിയിട്ടുണ്ട്. നടിയുടെ അമ്മയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്റെ പ്രാർത്ഥനയിലൂടെയാണ് മകളെ തിരിച്ച് കിട്ടിയത് എന്നും അമ്മ പറയുന്നു. അതേസമയം താരത്തിന്റെ മുൻ കാമുകൻമാരിലേക്കാണ് ആരാധകരുടെ സംശയം ഉയരുന്നത്.
Discussion about this post