ബംഗളൂരു: കർണാടകയിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകര നേതാവിനെ വധിച്ച് സുരക്ഷാ. മുതിർന്ന നേതാവായ വിക്രം ഗൗഡയെ ആണ് വധിച്ചത്. ഉഡുപ്പിയിലെ കർക്കല താലൂക്കിലെ സിതംബയ്‌ലു മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ . നിലമ്പൂരിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കൂടിയാണ് വിക്രം ഗൗഡ.
ഇന്നലെ രാത്രിയോടെയായിരുന്നു പ്രദേശത്ത് സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടിയത്. ശൃംഗേരി, നരസിംഹാർജപുര, കർക്കല, ഉഡുപ്പി എന്നീ പ്രദേശത്ത് അടുത്തിടെയായി ഗൗഡയുടെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതോടെ ഭീകര വിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ സുരക്ഷാ സേന തീരുമാനിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി സിതംബയ്‌ലുവിലെ വനമേഖലയിൽ എത്തി. ഇവിടെ പരിശോധന നടത്തുന്നതിനിടെ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹ പരിശോധനയിലാണ് കൊല്ലപ്പെട്ടത് വിക്രം ആണെന്ന് വ്യക്തമായത്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Discussion about this post