ചെന്നൈ: സുബ്ബലക്ഷ്മി പുരസ്‌കാരം ഗായകൻ ടി.എം.കൃഷ്ണയ്ക്ക് നൽകുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. സുബ്ബലക്ഷ്മിയുടെ കൊച്ചുമകന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എം എസ് സുബ്ബലക്ഷ്മി സംഗീത കലാനിധി പുരസ്‌കാരം ടി.എം.കൃഷ്ണയ്ക്ക് നൽകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുരസ്‌കാരം സുബ്ബലക്ഷ്മിയുടെ താത്പര്യത്തിന് വിരുദ്ധമാകുമെന്ന നിരീക്ഷണത്തെ തുടർന്നാണ് ഹൈക്കോടതി പുരസ്‌കാരം നൽകുന്നത് തടഞ്ഞത്. അടുത്തമാസം ആയിരുന്നു കൃഷ്ണയ്ക്ക് പുരസ്‌കാരം നൽകേണ്ടിയിരുന്നത്.
മദ്രാസ് സംഗീത അക്കാദമിയും ദി ഹിന്ദുവും ആണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. പുരസ്‌കാരത്തിനായി കൃഷ്ണയുടെ പേര് പ്രഖ്യാപിച്ചതോടെ സുബ്ബലക്ഷ്മിയുടെ കൊച്ചുമകൻ ശ്രീനിവാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സുബ്ബലക്ഷ്മിയുടെ നിരന്തര വിമർശകനാണ് കൃഷ്ണ. ഇങ്ങനെ ഒരാൾക്ക് സുബ്ബലക്ഷ്മിയോടുള്ള ആദര സൂചകമായി പുരസ്‌കാരം നൽകുന്നത് താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. സുബ്ബലക്ഷ്മിയുടെ പേരിൽ സ്മാരകങ്ങൾ നിർമിക്കരുതെന്ന് വില്പത്രത്തിൽ ഉണ്ടായിരുന്നു എന്നും ഹർജിയിൽ വാദമുണ്ട്.
ഹർജി പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചു. ഇതോടെ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു. വേണമെങ്കിൽ സുബ്ബലക്ഷ്മിയുടെ പേരില്ലാതെ പുരസ്‌കാരം നൽകാം.
സുബ്ബലക്ഷമിയോട് ബഹുമാനം ഉണ്ടെങ്കിൽ അവരുടെ പേരിൽ പുരസ്‌കാരം നൽകില്ല.ടിഎം കൃഷ്ണയുടെ നേട്ടങ്ങളും സംഭവനകളും ആദരിക്കുന്നതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. 2005 മുതലാണ് സുബ്ബലക്ഷ്മിയുടെ പേരിൽ പുരസ്‌കാരങ്ങൾ നൽകാൻ ആരംഭിച്ചത്. എന്നാൽ ഇത്രയും കാലത്തിനിടയിൽ ഈ വർഷം മാത്രമാണ് കുടുംബത്തിന്റെ എതിർപ്പ് ഉയർന്നത്.
Discussion about this post