റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് മോദിയുമായി കണ്ടുമുട്ടുന്നത്.
സാങ്കേതികവിദ്യ, ഗ്രീൻ എനർജി, സുരക്ഷ തുടങ്ങീ വിവിധ മേഖലകളിൽ കൂടുതൽ യോജിച്ച് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചർച്ചകൾ നടത്തി. ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം യുകെ-ഇന്ത്യ വ്യാപാര ചർച്ചകൾ പുതുവർഷത്തിൽ പുനരാരംഭിക്കുമെന്ന് യുകെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
യുകെയിൽ ബെൽഫാസ്റ്റിലും മാഞ്ചസ്റ്ററിലും രണ്ട് പുതിയ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. യോഗത്തിൽ പ്രധാനമന്ത്രി സ്റ്റാർമറെ അധികാരമേറ്റതിന് അഭിനന്ദിക്കുകയും , ചരിത്രപരമായ മൂന്നാം തവണ അധികാരമേറ്റ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മളമായ ആശംസകൾ നേരുകയും ചെയ്തുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽ പറഞ്ഞു.
നൈജീരിയയിലെ രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി റിയോ ഡി ജനീറോയിൽ എത്തിയത്. യുഎസ്, ഇറ്റലി, ഇന്തൊനേഷ്യ, നോർവെ, പോർച്ചുഗൽ, ബ്രസീൽ, സിംഗപ്പൂർ, സ്പെയ്ൻ തുടങ്ങീ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു .
Discussion about this post