തിരുവനന്തപുരം : ഓൺലൈൻ പണം തട്ടിപ്പ് സംഘത്തെ കുടുക്കി തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നും ആണെന്ന് പരിചയപ്പെടുത്തി വിളിച്ച് തട്ടിപ്പിന് ശ്രമിച്ച സംഘത്തെയാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി അശ്വഘോഷ് വീഡിയോ ദൃശ്യങ്ങൾ പകർത്തി കുടുക്കിയത്. ഒന്നരമണിക്കൂറോളം ശ്രമിച്ചിട്ടും അശ്വഘോഷിനെ പറ്റിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ തട്ടിപ്പ് സംഘം വീഡിയോ കോൾ കട്ട് ചെയ്ത് അക്കൗണ്ടും കളഞ്ഞ് സ്ഥലം വിട്ടു.
ഒരു പരസ്യ തട്ടിപ്പിൽ അശ്വഘോഷിന്റെ നമ്പർ ഉൾപ്പെട്ടിട്ടുണ്ട് എന്നും ഇപ്പോൾ വെർച്വൽ അറസ്റ്റിലാണ് എന്നും പറഞ്ഞു കൊണ്ടായിരുന്നു തട്ടിപ്പ് സംഘം വീഡിയോ കോൾ ചെയ്തത്. പോലീസ് യൂണിഫോമിൽ ഇരുന്നുകൊണ്ട് വീഡിയോ കോൾ ചെയ്യുന്ന തട്ടിപ്പുകാരന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥി പകർത്തി. മണിക്കൂറുകളോളം വട്ടം ചുറ്റിച്ചതോടെ ഒടുവിൽ ക്ഷമ കെട്ട് തട്ടിപ്പ് സംഘം സ്ഥലം കാലിയാക്കുകയായിരുന്നു.
സൈബർ സെക്യൂരിറ്റി രംഗത്ത് പരിചയമുള്ളതിനാൽ തന്നെ തട്ടിപ്പ് സംഘത്തെ പെട്ടെന്ന് തിരിച്ചറിയാൻ വിദ്യാർത്ഥിക്ക് ആയി. വെർച്വൽ അറസ്റ്റ് എന്ന സംഭവം രാജ്യത്ത് തന്നെ നിലവിലില്ല എന്ന് അറിയാവുന്ന അശ്വഘോഷ് വിവിധ കാരണങ്ങൾ പറഞ്ഞ് തട്ടിപ്പ്കാരെ ദീർഘസമയം ചുറ്റിക്കുകയായിരുന്നു. ഒടുവിൽ പണി പാളി എന്ന് മനസ്സിലായപ്പോൾ അക്കൗണ്ട് പോലും ഡിലീറ്റ് ചെയ്താണ് തട്ടിപ്പ് സംഘം മുങ്ങിയത്.
Discussion about this post