ന്യൂഡൽഹി: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിൽ പുന:രന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. അധികം വൈകാതെ തുടർനടപടികൾ ആരംഭിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് സി.ടി രവികുമാർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയ്‌ക്കെതിരെ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി ഉത്തരവ് എന്നാണ് വിവരം. ഒരു വർഷത്തിനുള്ളിൽ കേസുമായി ബന്ധപ്പെട്ട വിചാരണ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു. ആന്റണി രാജു അടക്കമുള്ള പ്രതികളോട് അടുത്ത മാസം 20 ന് കോടതിയിൽ ഹാജരാകാനും നിർദ്ദേശമുണ്ട്.
ലഹരി കേസിൽ തൊണ്ടി മുതലാണ് അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. ഇതിൽ പുന:രന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആന്റണി രാജു സുപ്രീംകോടതിയിൽ ഹർജി നൽകുകയായിരുന്നു. പുന:രന്വേഷണത്തിനായുള്ള ഹെക്കോടതി ഉത്തരവ് പിൻവലിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
Discussion about this post