മഹാരാഷ്ട്രയിലും ഝാർഖണ്ഡിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെടുപ്പ് കഴിഞ്ഞു. വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ മികച്ച പോളിംഗ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഝാർഖണ്ഡ് രണ്ടാം ഘട്ടത്തിൽ വോട്ട് ചെയ്തപ്പോൾ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
രണ്ട് സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകുന്നേരം 5 മണി വരെ, മഹാരാഷ്ട്രയിൽ 58.22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഝാർഖണ്ഡിൽ 68 ശതമാനം വോട്ട് രേഖപ്പെടുത്തി. അഞ്ച് വർഷം മുമ്പ് 67.09 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയിരുന്നത്.
മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലായി 4,136 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഭരണകക്ഷിയായ മഹായുതി സഖ്യത്തിന്റെ ഭാഗമായി ബിജെപി 149 സീറ്റുകളിലും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 81 സീറ്റുകളിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) 59 സീറ്റുകളിലും മത്സരിച്ചു.
പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യത്തിൽ കോൺഗ്രസ് 101 സ്ഥാനാർത്ഥികളും ഉദ്ധവ് താക്കറിയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 95 ഉം എൻസിപി (ശരദ് പവാർ) 86 ഉം സ്ഥാനാർത്ഥികളെയാണ് നിർത്തിയിരുന്നത്. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ശനിയാഴ്ച നടക്കും.
മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും വോട്ടെടുപ്പിന് പുറമെ ഉത്തർപ്രദേശ്, പഞ്ചാബ്, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 15 സീറ്റുകളിലേക്കാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്.
Discussion about this post