ഹൈദരാബാദ് : തെലങ്കാനയിലെ വാറങ്കൽ എസ്‌ബിഐ ശാഖയില്‍ നിന്ന് മോഷ്‌ടാക്കള്‍ കവര്‍ന്നത് പതിനഞ്ച് കോടി രൂപയുടെ സ്വര്‍ണം. വാറങ്കല്‍ രയപാര്‍തി ബ്രാഞ്ചിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. പത്തൊന്‍പത് കിലോ വരുന്ന സ്വര്‍ണാഭരണങ്ങളാണ് ബാങ്കിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.
സുരക്ഷാ ജീവനക്കാരില്ലാത്ത എസ്ബിഐ ശാഖയില്‍ ആണ് മോഷണം നടന്നത്. അലാം വയറുകള്‍ മുറിച്ച് മാറ്റിയ ശേഷമായിരുന്നു മോഷ്‌ടാക്കള്‍ കവർച്ച നടത്തിയത്. ജനാലയുടെ ഇരുമ്പ് അഴികൾ ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയ ശേഷമാണ് മോഷ്‌ടാക്കള്‍ അകത്ത് കയറിയത്. തുടർന്ന് സിസിടിവി ക്യാമറകളും ഇവർ പ്രവര്‍ത്തനരഹിതമാക്കി.
ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് ലോക്കുകൾ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ സ്വർണം കവർന്നത്. ബാങ്കിലെ അഞ്ഞൂറോളം ഇടപാടുകാരുടെ മുതലുകളാണ് മോഷണം പോയിരിക്കുന്നത്. രാവിലെ ബാങ്കിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Discussion about this post