തിരുവനന്തപുരം : മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമി തന്നെയെന്ന് ഉറപ്പിച്ചുപറഞ്ഞ് കേരള വഖഫ് സംരക്ഷണ സമിതി. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് പൗരത്വം പോലും നിഷേധിച്ച് രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ വഖഫിനെക്കുറിച്ചു ദുഷ്പ്രചാരണം നടത്തുകയാണെന്നും വഖഫ് സംരക്ഷണ സമിതി ആരോപിച്ചു.
മുനമ്പത്ത് വഖഫ് വിഷയത്തിന് നിയമപരമായ പരിഹാരം വേണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മുനമ്പത്ത് സമരം നടത്തുന്ന കുടുംബങ്ങളെ കയ്യേറ്റക്കാർ എന്ന് അധിക്ഷേപിച്ച വഖഫ് സംരക്ഷണ സമിതി ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ഉള്ള ബാധ്യത സർക്കാരിനുണ്ട് എന്നും വ്യക്തമാക്കി.
നുണപ്രചാരണങ്ങളിലൂടെ വഖഫിന്റെ ഒരു സെന്റ് ഭൂമി പോലും സ്വന്തമാക്കാമെന്ന് ഇത്തരക്കാര്‍ കരുതേണ്ടതില്ലെന്നും സംരക്ഷണ സമിതി അറിയിച്ചു. പവിത്രമായ വഖഫ് ഭൂമിയില്‍ റിസോര്‍ട്ട്-ബാര്‍ മാഫിയകള്‍ മുതല്‍ അനാശാസ്യ കേന്ദ്രങ്ങള്‍ വരെ പ്രവര്‍ത്തിക്കുമ്പോള്‍ നിസംഗരായി നോക്കി നില്‍ക്കാന്‍ വിശ്വാസികള്‍ക്കാവില്ല. വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി വഖഫ് ഭൂമി സംരക്ഷിക്കുന്നതിന് നിയമത്തിന്റെ ഏതറ്റം വരെയും പോകുമെന്നും വഖഫ് സംരക്ഷണ സമിതി അറിയിച്ചു.
Discussion about this post