ന്യൂഡൽഹി : സോളാർ കരാറുകൾ നേടുന്നതിനായി ഗൗതം അദാനി കോഴ നൽകിയെന്ന് യുഎസ് കുറ്റപത്രം നൽകിയതിൽ വൻ തിരിച്ചടി നേരിട്ട് കോൺഗ്രസ്. കോഴ നൽകിയെന്ന് യുഎസ് ആരോപിച്ച കാലയളവിൽ സംസ്ഥാനങ്ങൾ ഭരിച്ചത് കോൺഗ്രസും ഡി.എം.കെയുമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇതോടെ അദാനിയെ ആയുധമാക്കി നരേന്ദ്രമോദിക്കെതിരെ ആരോപണങ്ങൾ ഉയർത്തിയ കോൺഗ്രസും ഇൻഡി സഖ്യവും പ്രതിരോധത്തിലായി.
ഒഡിഷ , ഛത്തീസ്ഗഡ്, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പദ്ധതികളുമായി ബന്ധപ്പെട്ടായിരുന്നു അദാനിക്കെതിരെ ആരോപണം ഉയർന്നത്. ഈ പദ്ധതികൾ നടപ്പാക്കാൻ കോഴ നൽകി എന്നാണ് ആരോപണം. ആരോപണം നേരിടുന്ന 2021 -2022 കാലയളവിൽ ഛത്തീസ്ഗഡ് ഭരിച്ചത് കോൺഗ്രസും തമിഴ്നാട് ഭരിച്ചത് ഡിഎംകെയുമായിരുന്നു. ഒഡിഷയിൽ ബിജെഡിയും ആന്ധ്രയിൽ വൈ.എസ്.ആർ.കോൺഗ്രസുമായിരുന്നു ഭരണത്തിൽ. എൻ.ഡി.എയിൽ ഇല്ലാത്ത പ്രാദേശികകക്ഷികൾക്കൊപ്പം ഇൻഡി സഖ്യത്തിലെ പ്രധാന പാർട്ടികളായ ഡി.എം.കെയും കോൺഗ്രസുമായിരുന്നു ഈ സംസ്ഥാനങ്ങൾ ഭരിച്ചിരുന്നത്.
അദാനിക്കെതിരെ യുഎസിൽ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് വിമർശനങ്ങളുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ കോൺഗ്രസ് കാര്യങ്ങൾ അറിഞ്ഞിട്ടു വേണം സംസാരിക്കാനെന്ന് ബിജെപി തിരിച്ചടിച്ചു. ഈ സംസ്ഥാനങ്ങളിൽ അന്ന് ഭരണത്തിലുണ്ടായിരുന്ന സർക്കാരും ബന്ധപ്പെട്ട പാർട്ടികളും കോഴ വാങ്ങിയിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി ഐടി സെൽ കൺവീനർ അമിത് മാളവ്യ ആവശ്യപ്പെട്ടു.
മില്യണയറും അന്താരാഷ്ട്ര ഉപജാപകനുമായ ജോർജ്ജ് സോറോസിന്റെ അജണ്ടകൾ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടവരാണ് അദാനിക്കെതിരെയുള്ള കുറ്റപത്രത്തിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. നരേന്ദ്രമോദിക്കെതിരേയും ഇന്ത്യക്കെതിരേയും വിവിധ മേഖലകളിൽ രഹസ്യ പ്രവർത്തനങ്ങളും ഉപജാപങ്ങളും നടത്തുന്ന സംഘത്തിന്റെ അജണ്ടയാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ബിജെപി ആരോപിക്കുന്നു.
Discussion about this post