ബാങ്കോക്ക്: തായ്ലാൻഡില്‍ ഉറ്റ സുഹൃത്ത് അടക്കം പന്ത്രണ്ടിലേറെ പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. തായ്ലാൻഡിനെ പിടിച്ചുലച്ച സീരീയൽ കൊലപാതക്കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
ചൂതാടാനുള്ള പണം കണ്ടെത്താനായി ആണ് ആണ് യുവതി ഇത്രയും വലിയ കൊലപാതക പരമ്പര ആസൂത്രണം ചെയതത്. സയനൈഡ് കൊലപാതകത്തിൽ കോടതിയിൽ നിന്നുണ്ടാകുന്ന ആദ്യ വിധിയാണ് ഇത്. കഴിഞ്ഞ വർഷമാണ് സരാരത്ത് രംഗ്സിവുതാപോൺ തന്റെ ഉറ്റ ചങ്ങാതിയെ ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സുഹൃത്തിന്റെ നാല് ലക്ഷത്തിലേറെ വില വരുന്ന സ്ഥലവും ഇവർ സ്വന്തമാക്കി. കടം നൽകിയ പണം തിരികെ ചോദിച്ചതിനായിരുന്നു ആദ്യത്തെ കൊലപാതകം.
മൂന്ന് മണിക്കൂറിലേറെ നടന്ന വിചാരണയ്ക്ക് ഒടുവിലാണ് ബാങ്കോക്ക് കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്. സുഹൃത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ ഇവരെ കഴിഞ്ഞ മേയ് മാസത്തിൽ ആണ് ഇവരെ അറസ്റ്റ് ചെയതത്. ആ സമയം ഇവർ ഗർഭിണിയായിരുന്നു. ഈ കേസ് വലിയ രീതിയിൽ ചർച്ചയായതോടെയാണ് ഇവരുമായി ബന്ധപ്പെട്ട അസാധാരണ സാഹചര്യത്തിൽ മരണപ്പെട്ടവരിലേക്ക് അന്വേഷണം നീണ്ടത്.
സിരിപോൺ ഖാൻവോംഗ് എന്ന യുവതിയെയാണ് സരാരത്ത് അവസാനമായി കൊലപ്പെടുത്തിയത്. സിരിപോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ശരീരത്തിലെ സയനൈഡ് സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സരാരത്തിനൊപ്പം ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തതിന് പിന്നാലെ മരണപ്പെട്ടവരുടെ കേസുകൾ പോലീസ് അന്വേഷിച്ചത്.
Discussion about this post