കൊല്ലം: യുവതിയെ ബസിൽ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. വർക്കല റാത്തിക്കൽ സ്വദേശി ഇക്ബാൽ ആണ് അറസ്റ്റിലായത്. നാട്ടിലെത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചൽ പോലീസാണ് അറസ്റ്റ് ചെയ്തത്.
21 വർഷങ്ങൾക്ക് മുൻപ് 1997 ൽ ആയിരുന്നു സംഭവം. ക്ഷേത്ര ദർശനം കഴിഞ്ഞ് ഒറ്റയ്ക്ക് വീട്ടിലേക്ക് പോകുകയായിരുന്ന 26 കാരിയായ യുവതിയെ അന്ന് 21 വയസ്സുണ്ടായിരുന്ന ഇക്ബാൽ ബസിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു. സ്വകാര്യബസുടമയുടെ മകൻ കൂടിയാണ് ഇക്ബാൽ. കുളത്തൂപ്പുഴ- വർക്കല റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിൽ ആയിരുന്നു യുവതിയെ തട്ടിക്കൊണ്ട് പോയത്. തുടർന്ന് വർക്കലയിൽ എത്തിച്ച് യുവതിയെ ലോഡ്ജിലും, സ്വകാര്യ റിസോർട്ടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി പോലീസിൽ പരാതി നൽകി. തുടർന്ന് ഇക്ബാലിനെയും കൂട്ടുപ്രതികളെയും അറസ്റ്റും ചെയ്തു.എന്നാൽ തുടർന്ന് ജാമ്യം നേടിയ ഇക്ബാൽ പോലീസ് അറിയാതെ അതീവ രഹസ്യമായി വിദേശത്തേയ്ക്ക് കടക്കുകയായിരുന്നു. സഹോദരിയുടെ മകളുടെ വിവാഹത്തിനായി കഴിഞ്ഞ ദിവസം ഇയാൾ നാട്ടിൽ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരം ലഭിച്ചതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Discussion about this post