കാസർകോഡ് : കാസർകോഡ് നീലേശ്വരത്ത് നിന്നും മഹാശില കാലഘട്ടത്തിലെ ശേഷിപ്പുകള്‍ കണ്ടെത്തി. പാറയില്‍ കോറിയിട്ട മനുഷ്യരൂപവും കാല്‍പാദങ്ങളും ആണ് കണ്ടെത്തിയത്. നീലേശ്വരത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നുമാണ് പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയത്.
കാഞ്ഞിരപ്പൊയിലിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ പാറയിലാണ് 24 ജോഡി കാല്‍പാദങ്ങളും ഒരു മനുഷ്യ രൂപവും കോറിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുമ്പ് ആയുധങ്ങള്‍ കൊണ്ട് കോറിയിട്ടവയാണ് ഇവ. മഹാശിലാ കാലഘട്ടത്തിലേതാണ് ഈ രൂപങ്ങളെന്ന് ഗവേഷകര്‍ വ്യക്തമാക്കി.
ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ഇഞ്ച് നീളത്തിലുള്ള കാല്‍പാദങ്ങള്‍ ആണ് പാറയ്ക്ക് മുകളിൽ കണ്ടെത്തിയിട്ടുള്ളത്. കാൽപാദങ്ങൾ അവസാനിക്കുന്നിടത്ത് ഒരു മനുഷ്യ രൂപവും കൊത്തി വച്ചിട്ടുണ്ട്. ഇതിന്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളും കാണപ്പെടുന്നുണ്ട്. വർഷങ്ങൾക്കു മുൻപ് ഇതേ രീതിയിലുള്ള ശിലാ ചിത്രങ്ങൾ ഉഡുപ്പിയിലെ അവലക്കിപ്പാറയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post