ന്യൂഡൽഹി : ടെലികോം സൈബർ സുരക്ഷയ്ക്കായി പുതിയ നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പെട്ടെന്നുള്ള നടപടി എന്ന നയം നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി. ജനങ്ങൾക്കിടയിൽ സൈബർ സുരക്ഷിതത്വബോധം സൃഷ്ടിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
പുതിയ നയത്തിന്റെ ഭാഗമായി ടെലികമ്മ്യൂണിക്കേഷൻ്റെ ഏത് മേഖലയിലും പ്രവർത്തിക്കുന്ന കമ്പനികൾ ഒരു ചീഫ് ടെലികമ്മ്യൂണിക്കേഷൻ സെക്യൂരിറ്റി ഓഫീസറെ നിയമിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. എത്ര ചെറുതോ വലുതോ ആയ സൈബർ കുറ്റകൃത്യങ്ങൾ നടന്നാലും ടെലികോം കമ്പനികൾ അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവരുടെ ചീഫ് ടെലികമ്മ്യൂണിക്കേഷൻ സെക്യൂരിറ്റി വഴി പരമാവധി ആറ് മണിക്കൂറിനുള്ളിൽ കേന്ദ്രസർക്കാരിന് നൽകുകയും വേണം.
സൈബർ കുറ്റകൃത്യമോ സൈബർ സുരക്ഷാ ലംഘനമോ ഉണ്ടായാൽ ടെലികോം കമ്പനികൾ 24 മണിക്കൂറിനുള്ളിൽ കർശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പുതിയ നിയമങ്ങൾ അനുസരിച്ച്, സൈബർ സുരക്ഷയ്ക്കായി ടെലികോം കമ്പനികളിൽ നിന്ന് ട്രാഫിക് ഡാറ്റയും മറ്റേതെങ്കിലും തരത്തിലുള്ള ഡാറ്റയും (സന്ദേശങ്ങളുടെ ഉള്ളടക്കം ഒഴികെ) ലഭ്യമാക്കുന്നതിനുള്ള അവകാശം കേന്ദ്ര സർക്കാരിനോ അതിൻ്റെ അംഗീകൃത ഏജൻസിക്കോ ഉണ്ടായിരിക്കുന്നതാണ്.
Discussion about this post