മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം വമ്പിച്ച വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഉദ്ദവ് താക്കറെയുടെ ശിവസേനയും കോൺഗ്രസും ശരദ് പവാറിന്റെ എൻസിപിയും തോറ്റു തുന്നം പാടിയ കാഴ്ചയാണ് മഹാരാഷ്ട്രയിൽ കാണാൻ കഴിയുന്നത്. എന്നാൽ ബിജെപിയുടെ ഈ ഏകപക്ഷീയമായ വിജയത്തിൽ ഇൻഡി സഖ്യത്തെക്കാൾ കൂടുതൽ നിരാശ മറ്റൊരു കൂട്ടർക്കാണെന്നാണ് സമൂഹമാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയിൽ ബിജെപി സഖ്യം വമ്പിച്ച വിജയം സ്വന്തമാക്കിയതിൽ ഏറ്റവും കൂടുതൽ നിരാശപ്പെടുന്നത് കർണാടകയിലെ റിസോർട്ട് ഉടമകൾ ആണെന്നാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ട്രോളുകൾ. തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളെ എതിരാളികളുടെ സ്വാധീനത്തിൽ നിന്നും സംരക്ഷിക്കാനായി കർണാടകയിലെ റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നത് ആണ് ഇത്തരത്തിൽ ഒരു ട്രോളിലേക്ക് വഴി വെച്ചിട്ടുള്ളത്. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചെറിയൊരു വിലപേശലിന് പോലും സാധ്യത അവശേഷിപ്പിക്കാതെ വമ്പൻ വിജയമാണ് എൻഡിഎ നേടിയിരിക്കുന്നത്.
അതേസമയം ആരായിരിക്കും മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി എന്നുള്ള കാര്യത്തിലാണ് മറ്റു ചിലർക്ക് സംശയമുള്ളത്. മഹാരാഷ്ട്രയിൽ മഹായുതി തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറുകയും ഏറ്റവും വലിയ കക്ഷിയായി ഭാരതീയ ജനതാ പാർട്ടി ഉയരുകയും ചെയ്ത സാഹചര്യത്തിൽ മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് ഊഹാപോഹങ്ങൾ പരക്കുകയാണ്. ബിജെപി, ശിവസേന, അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി എന്നീ മൂന്ന് പാർട്ടികളുടെ തലവന്മാർ ഈ വിഷയത്തിൽ ഫലപ്രഖ്യാപനത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെ അറിയിച്ചു.
Discussion about this post