മുംബൈ : ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി. ഇൻസ്റ്റാഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ് ഉള്ള നടന് തിരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് 131 വോട്ടാണ്. ചന്ദ്രശേഖർ ആസാദ് ‘രാവൺ’ നയിക്കുന്ന ആസാദ് സമാജ് പാർട്ടി (കാൻഷി റാം) ടിക്കറ്റിലാണ് അജാസ് ഖാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പക്ഷേ തന്റെ സമൂഹമാദ്ധ്യമങ്ങളിലെ ജനപ്രീതി വോട്ടാക്കി മാറ്റുന്നതിൽ താരം അമ്പേ പരാജയപ്പെടുകയായിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വെർസോവ സീറ്റിൽ നിന്നാണ് അജാസ് ഖാൻ മത്സരിച്ചിരുന്നത്. ശിവസേനയുടെ ഹാറൂൺ ഖാൻ ആണ് ഈ മണ്ഡലത്തിൽ വിജയം വരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വെർസോവ മണ്ഡലത്തിൽ നോട്ടയ്ക്ക് പോലും 1298 വോട്ടുകൾ ലഭിച്ചപ്പോഴാണ് ഇൻസ്റ്റാഗ്രാം സെൻസേഷൻ ആയ അജാസ് ഖാന് വെറും 131 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
വോട്ടെണ്ണലിന്റെ പകുതി സമയത്തോളം കഴിഞ്ഞിട്ടും വോട്ടുകളുടെ എണ്ണം മൂന്നക്കത്തിൽ എത്തിക്കാൻ അജാസ് ഖാൻ പാടുപെട്ടതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടായിരുന്നത്. ഇൻസ്റ്റാഗ്രാം റീലുകൾ കൊണ്ട് ജനാധിപത്യത്തിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിയില്ല എന്നാണ് നിരവധി പേർ അഭിപ്രായപ്പെട്ടത്. ഇനിയെങ്കിലും അജാസ് ഖാൻ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയണമെന്നും സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായമുയരുന്നു.
Discussion about this post