ലക്‌നൗ: ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ മസ്ജിദ് സർവ്വേയ്ക്കിടെ സംഘർഷം.ഷാഹി ജുമുഅ മസ്ജിദിന്റെ സർവേക്കിടെയാണ് സംഘർഷമുണ്ടായത്. രാവിലെ ആറ് മണിക്ക് ഡി.എം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്. സർവേ തുടങ്ങി രണ്ട് മണിക്കൂറിന് ശേഷമാണ് പ്രതിഷേധമുണ്ടായത്. സർവേ നടത്താനെത്തിയവർക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് ആരോപണം. തുടർന്ന് പോലീസ് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.
നവംബർ 19ന് കേരള ദേവി ക്ഷേത്ര കമ്മിറ്റിയുടെ അംഗങ്ങൾ കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് മസ്ജിദ് സർവ്വേയ്ക്ക് കോടതി ഉത്തരവിട്ടത്. ഷാഹി ജുമുഅ മസ്ജിദ് മുമ്പ് ശ്രീ ഹരിഹർ ക്ഷേത്രമായിരുന്നുവെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നത്. ബാബറിന്റെ ഭരണകാലത്ത് 1529ലാണ് ഇത് പള്ളിയായി മാറ്റിയതെന്നും ഹർജിക്കാർ ആരോപിച്ചു. ഹർജി പരിഗണിച്ച കോടതി ജഡ്ജി ആദിത്യ സിങ് സർവേക്ക് ഉത്തരവിടുകയും ഇതിന്റെ ഫോട്ടോയും വിഡിയോയും എടുത്ത് സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു.
പ്രദേശത്ത് സംഘർഷം രൂക്ഷമായതിനാൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് തടയാൻ പ്രദേശത്ത് നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post