ന്യൂയോർക്ക്; നീയൊന്നും ഒരു വാഴക്കയും ചെയ്യില്ലെന്ന ഭീഷണിയൊക്കെ ചുമ്മാതെ പറയരുതെന്ന് ഓർമ്മപ്പെടുത്തുകയാണ് ന്യൂയോർക്കിലെ ആർട്ട് ഗ്യാലറിയിൽ നടന്ന ലേലം. ഗ്യാലറിയുടെ ചുവരിൽ ഒരു ചാരനിറത്തിലുള്ള കഷ്ണം ടേപ്പ് കൊണ്ട് ഒട്ടിച്ച വാഴപ്പഴം ലേലത്തിൽപ്പോയത് 52 കോടി രൂപയ്ക്കാണ്. കൊമേഡിയൻ അഥവാ ഹാസ്യനടൻ എന്ന പേരിൽ പ്രദർശിപ്പിച്ച വാഴപ്പഴമാണ് ലേലത്തിൽ വൻ തുകയ്ക്ക് വിറ്റു പോയത്. ക്രിപ്‌റ്റോകറൻസി പ്ലാറ്റ്‌ഫോമായ ട്രോണിൻറെ സ്ഥാപകനായ ജസ്റ്റിൻ സൺ ആണ് വാഴപ്പഴം വാങ്ങിയത്. അദ്ദേഹത്തിന് ഇത് കഴിക്കാനാണത്രേ വാങ്ങിയത്.
പ്രശസ്ത ഹാസ്യ കലാകാരനായ മൗറീഷ്യോ കാറ്റലനായിരുന്നു ആ കലാസൃഷ്ടിയുടെ ഉടമ. ആശയപരമായ കല എന്ന ഗണത്തിൽപ്പെട്ട ഈ കലാസൃഷ്ടി അന്ന് കലാലോകത്തിന് പുറത്ത് പോലും ഏറെ ശ്രദ്ധനേടി. 30 സെൻറ് നൽകി മിയാമിയിലെ ഗ്രോസറി കടയിൽ നിന്നാണ് താൻ ആ പഴം വാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.പിന്നീട് ഇത് ലേലത്തിൽ വിറ്റത് 35 ഡോളറിനായിരുന്നു (2,958 രൂപ). അജ്ഞാതനായ ഒരു കലാസ്വാദകനാണ് ഇത് സ്വന്തമാക്കിയത്. എന്നാൽ, അഞ്ച് വർഷങ്ങൾക്ക് ശേഷം, ഈ പഴത്തോടൊപ്പം പതിച്ചിരുന്ന കലാസൃഷ്ടിയെക്കുറിച്ച് വിവരിക്കുന്ന പോസ്റ്റർ ലേലത്തിൽ വച്ചപ്പോൾ ഇന്നുവരെ കേട്ടിട്ടില്ലാത്ത വിലയാണ് ലഭിച്ചത്.
ന്യൂയോർക്കിലെ പ്രദർശനത്തിലും വാഴപ്പഴത്തിന് ധാരാളം ആരാധകരായിരുന്നു. സെൽഫിയെടുക്കാനെത്തുന്ന സന്ദർശകരെ നിയന്ത്രിക്കാൻ വാഴപ്പഴത്തിനിരുവശത്തും പ്രത്യേകം സുരക്ഷാ ജീവനക്കാരെ നിയമിച്ചിരുന്നു.2016 ൽ ഗുഗ്ഗൻഹൈം മ്യൂസിയത്തിലെ ഒരു കുളിമുറിയിൽ സ്വർണ്ണ ടോയ്‌ലറ്റ് സ്ഥാപിച്ചും മറ്റൊരിക്കൽ ഗാലറിയുടെ ചുമരിൽ സ്വന്തം ഡീലറെ തന്നെ ഒട്ടിച്ച് വച്ചും 64 കാരനായ കാറ്റലൻ പലപ്പോഴും കലാ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
Discussion about this post