ന്യൂഡൽഹി : ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകരായ അശ്വിനി ഉപാധ്യായ, ബൽറാം സിംഗ്, സുബ്രഹ്മണ്യൻ സ്വാമി എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. 1976-ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ആമുഖത്തിൽ സോഷ്യലിസം എന്ന വാക്ക് ഉൾപ്പെടുത്തിയത് എന്ന് കാണിച്ചായിരുന്നു ഹർജി നൽകിയിരുന്നത്.
ഭരണഘടനയുടെ ആമുഖം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെൻ്റിന് ആണ് അധികാരമുള്ളതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി വി സഞ്ജയ് കുമാറും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ തത്വങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ പ്രത്യേകാവകാശമാണെന്നും കോടതി വ്യക്തമാക്കി.
സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങളെ വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിക്കാൻ കഴിയുമെന്നും കോടതി സൂചിപ്പിച്ചു. പാശ്ചാത്യ വ്യാഖ്യാനങ്ങളുടെ ലെൻസിലൂടെയല്ല ഇന്ത്യൻ പശ്ചാത്തലത്തിൽ അവ മനസ്സിലാക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 1976-ൽ ഇന്ദിരാഗാന്ധി സർക്കാർ കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതിക്ക് കീഴിലാണ് ‘സോഷ്യലിസ്റ്റ്’, ‘ മതേതരത്വം’ എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയത്. യഥാർത്ഥ ഭരണഘടനയുടെ ആമുഖത്തിലെ ഇന്ത്യയുടെ വിവരണം “പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്” എന്നായിരുന്നു. എന്നാൽ ഇന്ദിരാഗാന്ധി ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയെ ഒരു “പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്” എന്നാക്കി മാറ്റുകയായിരുന്നു.
Discussion about this post