അവിവാഹിതരായ യുവാക്കളോട് വിവാഹമൊന്നും ആയില്ലേ എന്ന് പലരും ചോദിക്കുന്നത് സർവ്വസാധാരണമായ ഒരു സംഭവമാണ്. എപ്പഴാ വിവാഹം കഴിക്കുന്നത്, ഒന്നുമായില്ലേ ഇതുവരെ? എന്നാണ് മുതിർന്നവർ ചോദിക്കുന്ന രീതി, അത് പണ്ട് മാത്രമല്ല ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് തമാശ.
റോഡിലോ കല്യാണം പോലുള്ള പരിപാടികളിലോ മാത്രമല്ല, ജോലിസ്ഥലത്ത് പോലും ഇത്തരം ചോദ്യങ്ങൾ പലരും അഭിമുഖീകരിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള ഇന്ത്യൻ വംശജയായ ഒരു സ്ത്രീക്ക് അത്തരമൊരു അനുഭവമുണ്ടായതിൻറെ കഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സംഭവം എക്സിൽ പങ്കുവെച്ചതോടെയാണ് ഇത് ചർച്ചയായത്.
പുതിയ ഒരു ജോലിയുടെ അഭിമുഖത്തിനിടെയാണ് എച്ച്ആർ യുവതിയുടെ പ്രായം ചോദിച്ചത്. പ്രായം പറഞ്ഞുകഴിഞ്ഞപ്പോൾ ആണ് വിവാഹാലോചനകളെ സംബന്ധിച്ചുള്ള ചോദ്യം ഉയർന്നത്. ഇതിൽ പ്രകോപിതയായ ജാൻവി ജെയിൻ തൻറെ എക്സ് അക്കൌണ്ടിൽ ഒരു കുറിപ്പ് എഴുതുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരക്കാരുടെ മാനസികാവസ്ഥയെയാണ് ആ പോസ്റ്റിലൂടെ ജാൻവി ചോദ്യം ചെയ്തത്.
ഒരു ഇന്ത്യൻ കമ്പനിയിൽ ആണ് ഇൻറർവ്യൂവിന് ആയി ജാൻവി പോയത്. എച്ച്ആർ ആദ്യം അവളുടെ പ്രായം ചോദിച്ചു, പിന്നീട് അവളുടെ വയസ്സ് അറിഞ്ഞതിന് ശേഷം അവളുടെ വിവാഹാലോചനയെക്കുറിച്ച് ചോദിക്കാൻ തുടങ്ങി. ഉടൻ വിവാഹം കഴിക്കാൻ പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ടോയെന്നാണ് ഇതിനെതിരായി ജാൻവി തൻറെ പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. 25 വയസ്സിന് ശേഷവും വിവാഹത്തെക്കുറിച്ച് ചോദിക്കുന്നത് ഇപ്പോഴും തുടരുന്നതിലുള്ള ദേഷ്യമാണ് ജാൻവി പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നത്.
എച്ച്ആറിൻറെ ഈ നടപടിയോട് സമ്മിശ്ര പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങൾ നൽകുന്നത്. ഒരു വശത്ത് ഈ ചോദ്യത്തെ വിമർശിച്ച് കുറേ അധികം ആളുകൾ എത്തി. ഇത് ഒരു ചോദ്യമായി മാത്രമേ എടുക്കാവൂ എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയുണ്ട്. “അത് ശരിയാണ്, ഇതെല്ലാം ഇപ്പോഴും തുടരുന്നു, വിവാഹം തങ്ങളുടെ ശ്രദ്ധ തിരിക്കുമെന്ന് അവർ കരുതുന്നു.”ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, ഇത് ഇവിടെ ഒരു സാധാരണ സംഭവമാണെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
“കമ്പനിയുടെ പേരെന്താണ്?” എന്നാണ് ചിലർക്ക് അറിയേണ്ടത്. ഒരു കമ്പനിയിൽ ഇൻറർവ്യൂവിന് പോയപ്പോൾ തനിക്ക് എപ്പോൾ കുട്ടികളുണ്ടാകുമെന്ന് ചോദിച്ചതായി ഒരു യുവതി അനുഭവം പങ്കുവെച്ചു. ജാൻവിയുടെ പോസ്റ്റ് ഒരു ലക്ഷത്തിലധികം വ്യൂകളും ആയിരക്കണക്കിന് ലൈക്കുകളും നേടി. ഇംഗ്ലണ്ടിലെ ഇന്ത്യൻ വംശജയായ ജാൻവി ജെയിൻ മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റായിട്ടാണ് ജോലി നോക്കിയത്.
Discussion about this post