ടെൽ അവീവ് : ഹിസ്ബുള്ള-ഇസ്രായേൽ സംഘർഷത്തിൽ ലെബനന് താൽക്കാലിക ആശ്വാസം. ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുമായി വെടിനിർത്തൽ കരാറിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തത്വത്തിൽ അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കരാർ അന്തിമല്ലെന്നും എപ്പോൾ വേണമെങ്കിലും ഇസ്രായേലിന് തീരുമാനം മാറ്റാൻ അധികാരം ഉണ്ടെന്നും വ്യക്തമായി സൂചിപ്പിക്കുന്നതാണ് വെടിനിർത്തൽ കരാർ.
ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നടത്തിയ സുരക്ഷാ കൂടിയാലോചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിന് തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നതുവരെ കരാർ അന്തിമമായി പരിഗണിക്കില്ല.
ഇസ്രായേൽ ഒരു കരാറിലേക്ക് നീങ്ങുകയാണ്, പക്ഷേ ഇനിയും ചില പ്രശ്നങ്ങൾ പരിഹരിക്കാനുണ്ട് എന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇസ്രായേൽ സർക്കാർ വക്താവ് ഡേവിഡ് മെൻസർ വ്യക്തമാക്കിയത്. 2023 ഒക്ടോബർ 7 ന് ആരംഭിച്ച ഗാസ മുനമ്പിലെ ഇസ്രായേൽ-ഹമാസ് യുദ്ധത്തിന് പിന്നാലെ ഇസ്രായേലും ഹിസ്ബുള്ളയും ഒരു വർഷത്തിലേറെയായി വെടിവയ്പ്പ് തുടരുന്ന സാഹചര്യത്തിൽ ലെബനന്റെ ആവശ്യത്തെ തുടർന്ന് യുഎസ് നടത്തിയ പ്രത്യേക അഭ്യർത്ഥനയെ തുടർന്നാണ് ഇസ്രായേൽ താൽക്കാലിക വെടി നിർത്തലിന് തയ്യാറായിരിക്കുന്നത്.
Discussion about this post