ന്യൂഡൽഹി : രാജ്യത്തെ നികുതി ദായകർക്ക് കൂടുതൽ എളുപ്പത്തിലും വേഗത്തിലുമുള്ള നടപടിക്രമങ്ങൾക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതിയാണ് പാൻ 2.0. രാജ്യത്തെ വാണിജ്യരംഗത്ത് നിന്നും വ്യവസായികൾക്കിടയിൽ നിന്നും ഉയർന്നിരുന്ന വിവിധ ആവശ്യങ്ങൾ കണക്കിലെടുത്താണ് പുതിയ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.
പാൻ 2.0 പദ്ധതി നടപ്പിലാക്കുന്നതോടെ കേന്ദ്രസർക്കാരിന്റെ മുഖമുദ്രയായ ഡിജിറ്റൽ ഇന്ത്യയോട് അനുസൃതമായ രീതിയിൽ ക്യുആർ കോഡ് ഉള്ള പാൻകാർഡുകൾ ആയിരിക്കും ഇനി നികുതിദായകർക്ക് ലഭിക്കുക. എന്നാൽ ഈ പുതിയ പദ്ധതിയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിലുള്ള പ്രധാന സംശയമാണ് തങ്ങളുടെ പഴയ പാൻ കാർഡ് പ്രവർത്തിക്കുമോ, പുതിയ പാൻ കാർഡ് എങ്ങനെ ലഭിക്കും എന്നുള്ളവ. യഥാർത്ഥത്തിൽ കേന്ദ്രസർക്കാരിന്റെ പാൻ 2.0 പദ്ധതി നികുതിദായകരുടെ രജിസ്ട്രേഷൻ സേവനങ്ങളുടെയും ബിസിനസ്സ് പ്രക്രിയകളുടെയും പുനഃക്രമീകരണത്തിനുള്ള ഒരു ഇ-ഗവേണൻസ് പ്രോജക്റ്റ് ആണ്. അതായത് പാൻ 2.0 എന്നത് നിലവിലെ പാൻ/ടാൻ 1.0 ഇക്കോ സിസ്റ്റത്തിൻ്റെ നവീകരണമായിരിക്കും.
പാൻ 2.0 പദ്ധതി നടപ്പിലാക്കപ്പെടുമ്പോൾ നിങ്ങളുടെ പഴയ പാൻ കാർഡ് പ്രവർത്തനരഹിതമാവുകയോ നമ്പർ മാറുകയോ ചെയ്യുന്നതല്ല. എന്നാൽ നടപടിക്രമങ്ങൾ വേഗത്തിലും എളുപ്പത്തിലും ആക്കുന്നതിനായി നിങ്ങൾക്ക് പുതിയ പാൻ കാർഡ് ലഭ്യമാക്കുന്നതായിരിക്കും. അതിനായി സൗജന്യമായി നിങ്ങൾക്ക് പാൻ അപ്‌ഗ്രേഡേഷൻ ചെയ്യാവുന്നതാണ്. ഇങ്ങനെ അപ്ഗ്രേഡ് ചെയ്യുമ്പോൾ നൂതന ശൈലിയിൽ ക്യുആർ കോഡ് അടങ്ങിയ പുതിയ പാൻ കാർഡ് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. എന്നാൽ നിങ്ങളുടെ പാൻ കാർഡ് നമ്പറിൽ യാതൊരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല. 1435 കോടി രൂപ ചിലവഴിച്ച് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ പണച്ചെലവും ഉണ്ടായിരിക്കുന്നതല്ല.
Discussion about this post