ന്യൂഡൽഹി: ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നിട്ട് ഇന്ന് 75 വർഷം. ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ സംവിധാൻ സദനിലെ (പഴയ പാർലമെന്റ്) സെൻട്രൽ ഹാളിലാണ് ആഘോഷ പരിപാടികൾ. രാവിലെ 11ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്യും. ഭരണഘടനയുടെ ആമുഖം രാഷ്ട്രപതി സെൻട്രൽ ഹാളിൽ അംഗങ്ങൾക്കായി വായിക്കും. സംസ്‌കൃതത്തിലും മറാഠിയിലുമുള്ള ഭരണഘടനയുടെ പുതിയ പതിപ്പുകൾ രാഷ്ട്രപതി പ്രകാശനം ചെയ്യും.
രാജ്യത്തെ സ്‌കൂളുകളിലും സർക്കാർ ഓഫീസുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ഇന്ന് ഭരണഘടനയുടെ ആമുഖം വായിക്കും. പാർലമെന്റിന്റെ സെൻട്രൽ ഹാളിലെ ആഘോഷങ്ങൾക്ക് രാഷ്ട്രപതിക്കു പുറമേ ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, മറ്റു മുതിർന്ന അംഗങ്ങൾ എന്നിവർ നേതൃത്വം നല്കും. ഭരണഘടനയെപ്പറ്റിയുള്ള ലഘുചലച്ചിത്ര പ്രദർശനം, 75-ാം വർഷത്തിന്റെ സ്റ്റാമ്പ്, നാണയ പ്രകാശനം, ഭരണഘടനയുടെ നിർമാണം സംബന്ധിച്ച പുസ്തക പ്രകാശനം എന്നിവയും നടക്കും.
ഭരണഘടനാ വാർഷികത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന് സുപ്രീംകോടതിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്വാൾ, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സുര്യകാന്ത്, സുപ്രീംകോടതി ബാർ കൗൺസിൽ അദ്ധ്യക്ഷൻ കപിൽ സിബൽ തുടങ്ങിയവർ പങ്കെടുക്കും.
Discussion about this post