കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയ്ക്ക് വീണ്ടും മർദ്ദനമേറ്റതായി റിപ്പോർട്ടുകൾ. കണ്ണിലും മുഖത്തും പരിക്കേറ്റ യുവതിയെ ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽനിന്നു പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്
വിവരമറിഞ്ഞെത്തിയ പോലീസിനോട് തനിക്ക് പരാതിയില്ലെന്നും സ്വന്തം നാട്ടിലേക്ക് പോകണമെന്നും യുവതി ആവശ്യപ്പെട്ടു.യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭർത്താവ് രാഹുലിനെ പാലാഴിയിൽനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് പറഞ്ഞുകൊണ്ട് യുവതി മുമ്പ് രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴായിരുന്നു ആരോപണവുമായി എത്തിയത്. ഭർത്താവ് ബെൽറ്റുകൊണ്ട് മർദ്ദിച്ചുവെന്നും ചാർജർ കേബിൾ വച്ച് കഴുത്തുമുറുക്കിയെന്നുമൊക്കെ പറഞ്ഞിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടെന്നും ആരോപിച്ചിരുന്നു. പോലീസ് കേസെടുക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ തന്നെ ഭർത്താവ് ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യൂട്യൂബ് വീഡിയോയിലൂടെ യുവതി വീണ്ടും രംഗത്തെത്തി.ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും യുവതി പറഞ്ഞു. പിന്നാലെ പരാതിയില്ലെന്ന് കാണിച്ച് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയും തുടർന്ന് കേസ് റദ്ദാക്കുകയും ചെയ്തു.
Discussion about this post