കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ ആരോപണവുമായി യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കാറില്ലെന്ന് യുവതിയുടെ അച്ഛൻ പറയുന്നു. രാഹുൽ സ്വന്തം കയ്യിലാണ് ഫോൺ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഫോൺ രാഹുൽ പൊട്ടിച്ചു കളയുകയും ചെയ്തു. സമ്മർദം മൂലമാണ് ആദ്യത്തെ പരാതിയിൽ നിന്ന് പിൻവാങ്ങിയത്. ഇനി വീഴ്ച ഉണ്ടാകില്ലെന്ന് അന്ന് രാഹുൽ പറഞ്ഞിരുന്നു. മകളോട് ക്ഷമയും പറഞ്ഞു. അങ്ങനെയാണ് കേസിൽ നിന്ന് പിന്മാറിയതെന്നും അച്ഛൻ വ്യക്തമാക്കി.
യുവതിയുടെ പരാതിയിൽ രാഹുലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കറിയുടെ പേര് പറഞ്ഞുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത് എന്നാണ് വിവരം. തുടർച്ചയായി രണ്ട് ദിവസം മർദ്ദനമേറ്റെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
ഞായറാഴ്ച ആയിരുന്നു പെൺകുട്ടിയെ ഭർത്താവ് രാഹുൽ ഗോപാലൻ ആദ്യമായി മർദ്ദിച്ചത്. ഞായറാഴ്ച വച്ച മീൻകറിയ്ക്ക് പുളിയില്ലെന്ന് പറഞ്ഞായിരുന്നു മർദ്ദനം. പിന്നീട് ഇന്നലെയും മർദ്ദിച്ചു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതിന് മുൻപ് അമ്മ വിളിച്ചതിന്റെ പേരിൽ തന്നെ മർദ്ദിച്ചെന്നും യുവതി പറയുന്നുണ്ട്.
മാസങ്ങൾക്ക് മുൻപായിരുന്നു രാഹുലിന്റെയും യുവതിയുടെയും വിവാഹം. ഇതിന് പിന്നാലെ മർദ്ദിച്ചെന്ന് ആരോപിച്ച് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് എടുത്തതോടെ രാഹുൽ ഒളിവിൽ പോയി. എന്നാൽ പിന്നീട് പോലീസ് മുൻപാകെ കീഴടങ്ങുകയായിരുന്നു.
വിചാരണ വേളയിൽ യുവതി രാഹുലിനെതിരായ പരാതി പിൻവലിച്ചു. ഇതിനോടകം തന്നെ കേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു. പരാതിയില്ലെന്ന് യുവതി അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു. പിന്നീട് ഒന്നിച്ച് താമസവും ആരംഭിച്ചു. ഇതിനിടെയാണ് വീണ്ടും യുവതി ഗാർഹിക പീഡനത്തിന് പരാതി നൽകിയിരിക്കുന്നത്.












