ന്യൂഡൽഹി : ബംഗ്ലാദേശിൽ ഹിന്ദു സംഘടനയായ സമ്മിലിത സനാതനി ജോട്ടെയുടെ നേതാവ് ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. ധാക്കയിലെ ഹസ്രത്ത് ഷാജലാൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് ഇസ്‌കോൺ നേതാവിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ ഹിന്ദു സന്യാസിയുടെ അറസ്റ്റിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമ സംഭവങ്ങൾ തുടരുന്നതിനിടെ ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്ത സംഭവം ദൗർഭാഗ്യകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളിലെ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. എന്നാൽ ഹിന്ദു സമുദായത്തിൻ്റെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ച നേതാക്കൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ആണ് ബംഗ്ലാദേശ് ഭരണകൂടം ചെയ്യുന്നത് എന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചിൻമോയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ ജാമ്യാപേക്ഷ നിരസിച്ചതിനെതിരെയും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സമാധാനപരമായ സമ്മേളനങ്ങളിലൂടെ ന്യായമായ ആവശ്യങ്ങൾ അവതരിപ്പിക്കുന്ന ഒരു മതനേതാവിനെതിരെ കുറ്റം ചുമത്തുന്നത് ദൗർഭാഗ്യകരമാണ്. അറസ്റ്റിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇന്ത്യ ഉത്കണ്ഠയോടെയാണ് കാണുന്നത് എന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post