ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമോ എന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് തീരുമാനം എടുക്കേണ്ടതെന്ന് അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉള്ളതിനാൽ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഈ വിധി. കേസിൽ അടുത്ത വാദം ഡിസംബർ 19ന് നടക്കും.
ബ്രിട്ടീഷ് പൗരത്വമുള്ള രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് വിഘ്നേഷ് ശിശിർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ജസ്റ്റിസുമാരായ എ ആർ മസൂദിയും സുഭാഷ് വിദ്യാർത്ഥിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമ മന്ത്രാലയം മൂന്നാഴ്ചയ്ക്കകം നിർദ്ദേശം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.
ഡിസംബർ 19ന് നടക്കുന്ന അടുത്ത വാദത്തിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം അറിയിക്കാനും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്ബി പാണ്ഡെയോട് കോടതി നിർദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വത്തിൽ സിബിഐ അന്വേഷണം വേണമെന്ന് നേരത്തെ ഡൽഹി ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
Discussion about this post