ന്യൂഡൽഹി; ശുക്രന്റെ അന്തരീക്ഷത്തെയും ഉപരിതലത്തെയും കുറിച്ച് പഠിക്കാനുള്ള ഇസ്രോയുടെ ശുക്രയാൻ-1 ഓർബിറ്റർ ദൗർബിറ്റർ ദൗത്യത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. 2028 ലാണ് വിക്ഷേപണം നടത്തുക. ഇസ്രോയുടെ ശുക്രയാൻ പേകടത്തിന് ഔദ്യോഗിക അനുമതി കേന്ദ്ര സർക്കാർ നൽകിയതായി ഇസ്രൊ ഡയറക്ടർ നിലേഷ് ദേശായി അറിയിച്ചു.
ഐഎസ്ആർഒ ശുക്രനിലേയ്ക്ക് അയക്കുന്ന വീനസ് ഓർബിറ്റർ മിഷനിൽ ശുക്രന്റെ അന്തരീക്ഷം, ഉപരിതലം, പ്ലാസ്മ പരിസ്ഥിതി എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരുകൂട്ടം ഉപകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.ശുക്രനിലേയ്ക്കുള്ള യാത്രയ്ക്ക് 112 ദിവസമെടുക്കുമെന്നാണ് ഇന്ത്യൻ ബഹിരാകാശ ഏജൻസി അറിയിച്ചിരിക്കുന്നത്.
ശുക്രനിലേക്കുള്ള ദൗത്യത്തിൽ ബഹിരാകാശ പേടകത്തെ മുന്നോട്ട് നയിക്കാൻ ശക്തമായ എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക് 3) റോക്കറ്റാണ് ഉപയോഗിക്കുക.2028 മാർച്ച് 29ന് വിക്ഷേപിക്കുന്ന പേടകം 2028 ജൂലൈ 19-ന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ശുക്രന്റെ അന്തരീക്ഷം, ഉപരിതലം, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവ ഒരു കൂട്ടം നൂതനമായ ശാസ്‌ത്രോപകരണങ്ങൾ ഉപയോഗിച്ച് പഠിക്കാനാണ് വീനസ് ഓർബിറ്റർ ലക്ഷ്യമിടുന്നത്. ഗ്രഹത്തിന്റെ അന്തരീക്ഷ ഘടന, ഉപരിതല സവിശേഷതകൾ, അഗ്‌നിപർവ്വത അല്ലെങ്കിൽ ഭൂകമ്പ ചലനങ്ങൾ എന്നിവയെക്കുറിച്ച് പര്യവേഷണം നടത്തുക എന്നതാണ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങൾ.
സിന്തറ്റിക് അപ്പേർച്ചർ റഡാർ, ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് ക്യാമറകൾ, ശുക്രന്റെ അയണമണ്ഡലത്തെ (അയണോസ്ഫിയർ) കുറിച്ച് പഠിക്കാനുള്ള സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങൾ പേടകം വഹിക്കും. ശുക്രന്റെ കട്ടിയുള്ളതും കാർബൺ ഡൈ ഓക്‌സൈഡ് നിറഞ്ഞതുമായ അന്തരീക്ഷത്തിന്റെ രഹസ്യങ്ങൾ കണ്ടെത്താനും ഗ്രഹത്തിന്റെ ഉപരിതലത്തിൽ സജീവമായ അഗ്‌നിപർവ്വതങ്ങളുടെ സാധ്യത പര്യവേക്ഷണം ചെയ്യാനും ഈ ഉപകരണങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും.
Discussion about this post