ന്യൂഡൽഹി: ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് ഇന്ത്യ. രാജ്യത്തിന്റെ രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനിയായ ഐ എൻ എസ് അരിഘട്ടിൽ നിന്നാണ് ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. ദേശീമാദ്ധ്യമങ്ങൾ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും പ്രതിരോധമന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗികവിവരങ്ങളൊന്നും ഇത് വരെ പുറത്തുവിട്ടിട്ടില്ല. 6,000 ടൺ ഭാരമുള്ള ഐഎൻഎസ് അരിഘട്ടിൽ നിന്ന് ഖര ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കെ-4 മിസൈലാണ് പരീക്ഷിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
3500 കിലോമീറ്റർ വരെ കടന്ന് ചെന്ന് ആക്രമിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണത്ത് രാവിലെയായിരുന്നു മിസൈൽ പരീക്ഷണം എന്നാണ് വിവരം.നവംബർ 27 നും 30 നും ഇടയിൽ ബംഗാൾ ഉൾക്കടലിൽ 3,490 കിലോമീറ്റർ ഫ്ലൈറ്റ് ഇടനാഴിയിൽ ഒരു ഇന്റർമീഡിയറ്റ് റേഞ്ച് മിസൈൽ പരീക്ഷണത്തിനായി ഇന്ത്യ എയർമാൻമാർക്ക് പൊതു മുന്നറിയിപ്പ് നൽകിയിരുന്നു.
മിസൈൽ അതിന്റെ ട്രയൽ പാരാമീറ്ററുകളും ലക്ഷ്യങ്ങളും വിജയകരമായി പാലിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ പരീക്ഷണ ഫലങ്ങളുടെ വിശദമായ വിശകലനം നടക്കുകയാണെന്നാണ് വിവരം. രാജ്യത്തിന്റെ ആണവ അന്തർവാഹിനികളെ ആയുധമാക്കുന്നതിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്തതാണ് കെ-4 മിസൈൽ. യുഎസ്, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം 5,000 കിലോമീറ്റർ പരിധിയിലുള്ള എസ്എൽബിഎം ഉണ്ട്.
Discussion about this post