ഡല്‍ഹി: ചെറുപ്പത്തിലെ തട്ടിക്കൊണ്ടുപോകലിനെ അതിജീവിച്ച് മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബത്തിന്റെ തണലിലേക്ക് മടങ്ങിയെത്തിയ ഒരാളുടെ അനുഭവ കഥയാണ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും വരുന്നത്. ഏഴാമത്തെ വയസ്സിലാണ് രാജു എന്ന ഇദ്ദേഹത്തെ ഒരു സംഘം തട്ടികൊണ്ടുപോകുന്നത് ഇന്ന് രാജുവിന് മുപ്പത്തിയേഴ് വയസ്സാണ്. കടന്ന് പോയത് വേദനകളും പീഢനങ്ങളും നിറഞ്ഞ മൂന്നു പതിറ്റാണ്ടാണ്. അത് സിനിമാകഥയെ വെല്ലുന്ന ഒന്നാണെന്ന് രാജുവിന്റെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
1993 സെപ്തംബര്‍ 8 നാണ് രാജുവിനെ ഒരു സംഘം തട്ടികൊണ്ടുപോകുന്നത്.സ്‌കൂള്‍ വിട്ട് സഹോദരിക്കൊപ്പം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. പരിഭ്രാന്തരായ രക്ഷിതാക്കള്‍ ഉടന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.
‘രാജസ്ഥാനിലേക്ക് അവര്‍ എന്നെ കൊണ്ടുപോയത്. ഇത്രയും കാലം അവിടെയായിരുന്നു. തല്ലുകൊള്ളാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. നിര്‍ബന്ധിച്ച് പണിയെടുപ്പിക്കും. വൈകുന്നേരം കിട്ടുന്ന ഒരു റൊട്ടിയിലാണ് വിശപ്പടക്കിയത്. രാത്രിയില്‍ അവര്‍ എന്നെ കെട്ടിയിടുന്നതിനാല്‍ രക്ഷപ്പെടാനാകില്ലായിരുന്നു’രാജു പറയുന്നു.
ഒടുവില്‍ തക്കം കിട്ടിയപ്പോള്‍ അവരില്‍ നിന്ന് രക്ഷപ്പെട്ട് ട്രക്കില്‍ കയറി ഡല്‍ഹിയിലേക്ക് രക്ഷപ്പെട്ടതാണ് രാജു.
ഡല്‍ഹിയിലെത്തിയ രാജു പല പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. പക്ഷെ ആരില്‍ നിന്നും സഹായം ലഭിച്ചിരുന്നില്ല. അഞ്ച് ദിവസത്തിന് ശേഷമാണ് അദ്ദേഹം ഖോഡ പൊലീസ് സ്റ്റേഷനിലെത്തുന്നത്. പൊലീസുകാരെ കാര്യങ്ങള്‍ ധരിപ്പിച്ചു. തികച്ചു വ്യത്യസ്തമായ അനുഭവമായിരുന്നു ഖോഡ സ്റ്റേഷനില്‍ നിന്നും ലഭിച്ചത്. അവര്‍ രാജുവിന് ഭക്ഷണവും വസ്ത്രവും ഷൂസും നല്‍കി. ഒപ്പം രാജുവിനെക്കുറിച്ചുള്ള വാര്‍ത്ത നല്‍കി.
വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട രാജുവിന്റെ അമ്മാവനാണ് സ്റ്റേഷനില്‍ ബന്ധപ്പെടുന്നത്. അങ്ങനെ മുപ്പതുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രാജു തന്റെ കുടുംബത്തിന്റെ തണലിലേക്ക് എത്തി. ഇപ്പോള്‍ മനസ്സുനിറയെ സന്തോഷമാണെന്നാണ് രാജുവിന്റെ പ്രതികരണം.
Discussion about this post