മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉന്നത വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി. പ്രധാനമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം മുംബൈ പോലീസിൻ്റെ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ആണ് ലഭിച്ചത്. ഒരു സ്ത്രീയാണ് ഫോണിൽ വിളിച്ച് മോദിയെ കൊല്ലാൻ പദ്ധതി തയ്യാറാക്കുന്നതായി സന്ദേശം പങ്കുവെച്ചതെന്ന് പോലീസ് വെളിപ്പെടുത്തി.
സംഭവത്തെത്തുടർന്ന് അംബോലി പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണി സന്ദേശം പങ്കുവെച്ച പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നതായി പോലീസ് അറിയിച്ചു. മാനസികാസ്വാസ്ഥ്യം ഉള്ള ആരെങ്കിലുമായിരിക്കാം ഭീഷണി സന്ദേശത്തിന് പിന്നിൽ എന്ന വസ്തുതയും പോലീസ് കണക്കിലെടുക്കുന്നുണ്ട്.
ഭീഷണി രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് എതിരെ ആയതിനാൽ പോലീസ് സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ പിന്തുടരുകയും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷവും പ്രധാനമന്ത്രി മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കാൻ പദ്ധതിയിടുന്നതായി മുമ്പേ പോലീസ് ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
Discussion about this post