ലക്‌നൗ: വാരാണസിയിലെ ഉദയ് പ്രതാപ് കോളേജിന്റെ ഭൂമിയിൽ വീണ്ടും അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ്. ഇതേ തുടർന്ന് ശക്തമായ പ്രതിഷേധവുമായി കോളേജ് അധികൃതർ രംഗത്ത് എത്തി. വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടെയാണ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് രംഗത്ത് എത്തുന്നത്.
115 വർഷം പഴക്കമുള്ള ഉദയ് പ്രതാപ് കോളേജ് നൂറേക്കറോളം ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭൂമിയിൽ തന്നെ മസ്ജിദും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കോളേജ് സ്ഥിതിചെയ്യുന്ന ഭൂമി തങ്ങളുടേത് ആണെന്ന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നത്.
2018 ഡിസംബറിൽ ആയിരുന്നു ആദ്യമായി ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് വഖഫ് ബോർഡ് രംഗത്ത് എത്തിയത്. ടോങ്കിലെ നവാബ് നൽകിയ ഭൂമിയാണ് ഇതെന്നായിരുന്നു വഖഫ് ബോർഡിന്റെ അവകാശവാദം. അതുകൊണ്ട് തന്നെ ഈ ഭൂമി ബോർഡിന് തിരികെ നൽകണം എന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശക്തമായ എതിർപ്പുമായി കോളേജ് അധികൃതർ രംഗത്ത് എത്തുകയായിരുന്നു. കോളേജ് നിലനിൽക്കുന്ന ഭൂമി ചാരിറ്റബിൾ എൻഡോവ്‌മെന്റിന് കീഴിൽ വരുന്നത് ആണെന്നും അതിനാൽ ഈ ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു കോളേജിന്റെ നിലപാട്.
2018 ൽ ഭൂമി തിരികെ നൽകണം എന്ന് വഖഫ് ബോർഡ് കോളേജിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ കോളേജ് അറിയിച്ചത്. 1909 ലെ ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ടിന് കീഴിലാണ് ഭൂമിയും കോളേജും ഉൾപ്പെടുക. അതുകൊണ്ട് തന്നെ വഖഫ് ബോർഡിന്റെ അവകാശവാദം തെറ്റാണ്. 17,000 കുട്ടികളാണ് കോളേജിൽ പഠിക്കുന്നത്. ഇവരുടെ ഭാവി അനിശ്ചിതത്വത്തിൽ ആക്കാൻ കഴിയില്ലെന്നും കോളേജ് നോട്ടീസിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തുടർനടപടികളിൽ നിന്നും വഖഫ് ബോർഡ് പിന്മാറി.
എന്നാൽ 2022 ൽ ഇവിടെയുള്ള മസ്ജിദിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വഖഫ് ബോർഡ് തുനിയുകയായിരുന്നു. ഇതോടെ കോളേജ് അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ് എത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയായിരുന്നു.
Discussion about this post