മുംബൈ; രാജ്യത്ത് തംരഗമാവാൻ ഒരുങ്ങി മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് എസ്യുവിയായ XEV 9e. മഹീന്ദ്രയുടെ സബ് ബ്രാൻഡ് ആയ BE ആണ് പുതിയ കാർ പുറത്തിറക്കുന്നത്. ചെന്നൈയിലെ അൺലിമിറ്റഡ് ഇന്ത്യ ഗ്ലോബൽ സമിറ്റിൽ ആയിരുന്നു മഹീന്ദ്ര തങ്ങളുടെ കിടിലൻ ഇലക്ട്രിക് കാർ അവതരിപ്പിച്ചത്. 21.90 ലക്ഷം എക്‌സ് ഷോറൂം വിലയ്ക്കാണ് കമ്പനി കാർ പുറത്തിറക്കുന്നത്. ഒപ്പം പുറത്തിറങ്ങിയ ഇലക്ട്രിക് എസ് യു വിയായ BE 6eയേക്കാൾ(18.90 ലക്ഷം രൂപ) പ്രീമിയം മോഡലാണ് XEV 9e. അടുത്തവർഷം ഫെബ്രുവരിയിലോ മാർച്ചിലോ XEV 9eയുടെ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
4,790എംഎം നീളവും 1,905എംഎം വീതിയും 1,650 എംഎം ഉയരവുമുള്ള വാഹനമാണ് XEV 9e. വീൽ ബേസ് 4,695എംഎം. 207 എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള ഈ വാഹനത്തിന്റെ ടേണിങ് ഡയാമീറ്റർ പത്തു മീറ്ററിൽ താഴെയാണ്. കാറിന്റെ വീതിയിലാണ് മുന്നിലെ എൽഇഡി ലൈറ്റ്ബാർ നൽകിയിരിക്കുന്നത്. ബൂട്ട് സ്പോയ്ലറിന് താഴെയായാണ് കണക്ടഡ് എൽഇഡി ടെയിൽ ലൈറ്റുകളുള്ളത്.
ഫ്യൂച്ചറിസ്റ്റിക് രൂപഭംഗിയുള്ള ലേഔട്ടുകളും കാബിനുകളും ഉൾപ്പെടുത്തുന്ന നൂതന രൂപകൽപ്പന. 5ജി കണക്ടിവിറ്റിയും മൂന്ന് സ്‌ക്രീനുകളും എ.ഐ ഉപയോഗപ്പെടുത്തുന്ന ആപ്ലിക്കേഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റേഞ്ച്, എവരിഡേ, റേസ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകൾ ആണ് മറ്റൊരു പ്രത്യേകത. ബ്ലാങ്ക്ഡ് ഔട്ട് ഗ്രില്ലുകളുള്ള വാഹനത്തിലെ പിയാനോ ബ്ലാക്ക് ക്ലാഡിങുകൾ പ്രീമിയം ലുക്ക് നൽകുന്നു. ഫ്ളഷ് ഡോർ ഹാൻഡിലുകൾ, മസിൽ ഷോൾഡർ ലൈൻ, 19 ഇഞ്ച് അലോയ് വീലുകൾ(ഓപ്ഷണലായി 20 ഇഞ്ചും ഉണ്ട്) എന്നിവയും എക്സ്റ്റീരിയർ ഫീച്ചറുകളിൽ ഉൾപ്പെടുന്നു
മഹീന്ദ്രയുടെ ത്രീ ഇൻ വൺ പവർ ട്രെയിനാണ് XEV 9eയിലുള്ളത്. മോട്ടോറും ഇൻവെർട്ടറും ട്രാൻസ്മിഷനും ചേർന്നതാണിത്. 79kWh ബാറ്ററി 286എച്ച്പി കരുത്തും പരമാവധി 380എൻഎം ടോർക്കും പുറത്തെടുക്കും. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കീമി വേഗത്തിലേക്കെത്താൻ 6.7 സെക്കൻഡ് മതി. 59kWh ബാറ്ററിയിൽ 231എച്ച്പി മോട്ടോറാണുള്ളത്. മുന്നിലും പിന്നിലും ഡിസ്‌ക് സെറ്റ് അപ്പും ബ്രേക്ക് ബൈ വയർ സിസ്റ്റവും വാഹനം കൂടുതൽ എളുപ്പം നിയന്ത്രിക്കാൻ സഹായിക്കുന്നു.
Discussion about this post