കൊച്ചി; കേരളത്തിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നവംബർ 24 ന് മുതൽ പുതുക്കിയ വിലവിവര പട്ടിക എന്ന തരത്തിൽ സോഷ്യൽമീഡിയയിൽ നടക്കുന്ന പ്രചരണത്തിൽ വിശദീകരണവുമായി കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.അസോസിയേഷന്റെ പേരിൽ പ്രചരിക്കുന്ന വിലവിവര പട്ടിക വ്യാജമാണെന്നും വില നിശ്ചയിക്കാനുള്ള അവകാശം സംഘടനയ്ക്ക് ഇല്ലെന്നുമാണ് വിശദീകരണം.
2024 നവംബർ 24 മുതൽ പുതുക്കിയ വിലവിവര പട്ടിക എന്ന തരത്തിലാണ് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ പേരിൽ പ്രചാരണം നടക്കുന്നത്. ചായയ്ക്ക് 14 രൂപ, കാപ്പി 15, കട്ടൻ 12, പത്തിരി 14, ബോണ്ട 14, പരിപ്പുവട 14, ഉള്ളിവട 14, പഴം ബോളി 15, സുഖിയൻ 15, ബ്രൂ കോഫി 30, ബൂസ്റ്റ് 30, ഹോർലിക്‌സ് 30, പൊറോട്ട 15, അപ്പം 15, മുട്ടക്കറി 40, നാരങ്ങാവെള്ളം 25 എന്നിങ്ങനെയാണ് പ്രചരിക്കുന്ന വിലവിവര പട്ടികയിലുള്ളത്.
കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഒരിക്കലും വില ഏകീകരിക്കണമെന്ന് പറയാറില്ല. ഒരു പ്രദേശത്ത് നൂറ് ഹോട്ടലുകൾ ഉണ്ടെങ്കിൽ അവിടെ നൂറ് തരം ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. നൂറ് രൂപയുടെ തേയില കൊണ്ടും മുന്നൂറ് രൂപയുടെ തേയില കൊണ്ടും ചായ ഇടാം. ഒരു ലിറ്റർ പാൽ കൊണ്ട് പത്തും ചായയും അല്ലെങ്കിൽ ഇരുപതു ചായയും എടുക്കാം. അഞ്ച് കൂട്ടം കറി കിട്ടുന്ന ഊണും പത്തു കൂട്ടും കറി കിട്ടുന്ന ഊണും ലഭ്യമാണ്. നൂറ് രൂപയുടെ അരികൊണ്ടും മൂന്നൂറ് രൂപയുടെ അരികൊണ്ടും ബിരിയാണി വെക്കാം. ഭക്ഷണത്തിന്റെ ഗുണനിലവാരം, ഹോട്ടലിന്റെ സ്റ്റാൻഡേർഡ് എന്നിവ പരിഗണിച്ചു ഹോട്ടലുടമയ്ക്ക് തന്നെ വില തീരുമാനിക്കാമെന്ന് പ്രസിഡന്റ് ജി ജയപാൽ പറയുന്നു.
ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളും വാടകയുമടക്കം ചെലവിനനുസരിച്ച് ഹോട്ടലുടമയ്ക്ക് വിലനിലവാരം തീരുമാനിക്കാം. വില ഏകീകരിക്കുന്നത് പ്രായോഗികമല്ല. അതിനാൽ പൊതുവായി ബോർഡ് വെച്ച് ഇന്നവിലയ്ക്ക് വിൽക്കണമെന്ന് പറയാൻ അസോസിയേഷൻ തയ്യാറല്ല. വില നിശ്ചയിക്കാനുള്ള അവകാശം ഹോട്ടലുടമയ്ക്കാണ്. ഭക്ഷണത്തിന്റെ വില ഏകീകരിക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post