ചെന്നൈ: തക്ക സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ മതിയായ റോഡ് സൗകര്യങ്ങളില്ലാത്തതിനെ തുടര്‍ന്ന് പാമ്പു കടിയേറ്റ കൌമാരക്കാരിക്ക് ദാരുണാന്ത്യം. ധര്‍മപുരി ജില്ലയില്‍ പെന്നാഗരം താലൂക്കിലെ വട്ടുവനഹള്ളി മലയോരഗ്രാമത്തില്‍ താമസിക്കുന്ന കസ്തൂരിയാണ് (13) മരണത്തിനു കീഴടങ്ങിയത്. വട്ടുവനഹള്ളിയിലേക്ക് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റ് വാഹനങ്ങളോ എത്തിക്കാനായില്ല. തുടര്‍ന്ന് എട്ട് കിലോമീറ്ററോളം മരത്തടിയില്‍ തുണി കൊണ്ട് തൊട്ടിലുണ്ടാക്കി ചുമന്നാണ് കസ്തൂരിയെ നാട്ടുകാര്‍ കൊണ്ടുപോയത്.
എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കസ്തൂരിയെ വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് പാമ്പ് കടിച്ചത്. സംഭവം നടന്ന ഉടനെ തന്നെ വീട്ടുകാരും ഗ്രാമവാസികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ചുമന്ന് എട്ടു കിലോമീറ്റര്‍ താണ്ടി സീങ്കഡു ഗ്രാമത്തിലെ വാഹനം കയറാവുന്ന സ്ഥലത്തെത്തിക്കാന്‍ ശ്രമിച്ചു. കുന്നിറങ്ങാന്‍ തന്നെ രണ്ടുമണിക്കൂറെടുത്തു. അവിടെനിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ് പ്രാഥമികാരോഗ്യ കേന്ദ്രം. കുട്ടിയെ ആശുപത്രിയിലെത്തിക്കാനായി ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കസ്തൂരിയെ തുണിത്തൊട്ടിലില്‍ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് ഇങ്ങനെയൊരു സംഭവം പുറം ലോകം അറിയുന്നത്. മതിയായ റോഡ് സൗകര്യമില്ലാത്തതാണ് പെണ്‍കുട്ടിയുടെ മരണത്തിനു ഇടയാക്കിയതെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ഇതിനുമുമ്പും ഗ്രാമത്തില്‍ പലരും ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 15 കി.മി നടന്ന് വേണം ഗ്രാമത്തിലെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താനെന്നും ഇവര്‍ പറയുന്നു.
ഗര്‍ഭിണികളെ പ്രസവത്തിന് ആശുപത്രിയിലെത്തിക്കുന്നതിനും, ഹൃദായാഘാതം സംഭവിച്ചവരെ ആശുപത്രിയിലെത്തിക്കുന്നതിനുമൊക്കെ കാലതാമസം വന്ന് മരണം സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.അതേസമയം കസ്തൂരിയുടെ കുടുംബത്തിന് ദുരിതാശ്വാസ തുകയായി മൂന്ന് ലക്ഷം രൂപ അനുവദിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 1,132 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആലക്കാട്ട് ഗ്രാമത്തില്‍ 42 കുടുംബങ്ങളിലായി 153 പേരാണ് താമസിക്കുന്നത്.
Discussion about this post