മുംബൈ: ബോധവല്‍ക്കരണം വ്യാപകമായി നടത്തിയിട്ടും ഡിജിറ്റല്‍ അറസ്റ്റിന്റെ പേരിലുള്ള തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ധിക്കുകയാണ്. ഇപ്പോഴിതാ ഗോരെഗാവില്‍ 54-കാരനായ ശാസ്ത്രജ്ഞനെ ഡിജിറ്റില്‍ അറസ്റ്റിലാക്കി മൂന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ കേരളത്തില്‍ നിന്നുള്ള മൂന്നു പേരെ മുംബൈ സൈബര്‍ പോലീസ് അറസ്റ്റുചെയ്തിരിക്കുകയാണ്. കോഴിക്കോട് സ്വദേശികളായ പി.എസ്. അന്‍വര്‍ഷാദ് (44), കെ.കെ. അമിര്‍ഷാദ് (28), സി. മൊഹ്‌സിന്‍ (53) എന്നിവരാണ് പിടിയിലായത്. ദുബായിലുള്ള ഷഹദ് എന്നയാളെ പോലീസ് തിരയുന്നു.
വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവരില്‍ ചുമത്തിയിരിക്കുന്നത് ശാസ്ത്രജ്ഞനില്‍നിന്ന് അപഹരിച്ച പണം അന്‍വര്‍ഷാദിന്റേയും അമിര്‍ഷാദിന്റേയും പേരിലുള്ള ട്രാവല്‍ ആന്‍ഡ് ടൂര്‍സ് കമ്പനിയുടെ അക്കൗണ്ടിലെത്തുകയും അത് പിന്നീട് ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റുകയും ആയിരുന്നു.
ഓഗസ്റ്റ് 31-നാണ് ഇദ്ദേഹത്തിന് തട്ടിപ്പുകാരില്‍നിന്ന് ഫോണ്‍ വന്നത്. ഡല്‍ഹി വിമാനത്താവളത്തില്‍ പരാതിക്കാരന്റെ പേരിലുള്ള പാഴ്‌സല്‍ കസ്റ്റംസ് തടഞ്ഞുവെച്ചതായിട്ടും ഇതില്‍ ലഹരി വസ്തുക്കള്‍ ഉണ്ടെന്നുമായിരുന്നു വിളിച്ചയാള്‍ അറിയിച്ചത്.
എന്നാല്‍, പരാതിക്കാരന്റെ കെ.വൈ.സി. വിവരങ്ങളാണ് ഓര്‍ഡറിന് ഉപയോഗിച്ചിട്ടുള്ളതെന്ന് വിളിച്ചയാള്‍ പറഞ്ഞു. തുടര്‍ന്ന് ഡല്‍ഹി സൈബര്‍ പോലീസില്‍ നിന്നെന്ന് പറഞ്ഞും ഒരാളുടെ വീഡിയോകോളും വന്നു. കോളര്‍ ഐ.ഡി. യില്‍ ഡല്‍ഹി പോലീസിന്റെ ലോഗോയും യൂണിഫോമും പ്രദര്‍ശിപ്പിച്ചിരുന്നു. ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ഇയാള്‍ അറിയിച്ചു.
കുറച്ച് വ്യാജരേഖകളും അയച്ചു കൊടുത്തു. ബാങ്കിങ് ഇടപാടുകള്‍ പരിശോധിക്കാന്‍ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെടുകയും നിക്ഷേപങ്ങള്‍ ഇതിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയുംചെയ്തു. പിന്നീട് പണം നഷ്ടമായതിനുശേഷമാണ് തട്ടിപ്പാണെന്ന് പരാതിക്കാരന്‍ മനസിലാക്കിയത്. പിന്നാലെ അധികൃതരെ സമീപിക്കുകയായിരുന്നു.
Discussion about this post