ആലപ്പുഴ; മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ സന്ദർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയിലെത്തിയാണ് സന്ദർശനം. വീടിന് അടുത്തെ അമ്പലപ്പുഴ ഏരിയ സമ്മേളനത്തിന് വരെ ജി സുധാകരനെ പാർട്ടി മാറ്റി നിർത്തിയ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്റെ ഈ തിരിക്കിട്ട സന്ദർശനമെന്നത് അഭ്യൂഹങ്ങൾ ഉയർത്തുന്നുണ്ട്.
സൗഹൃദസന്ദർശനം മാത്രമാണെന്നും രാഷ്ട്രീയമില്ലെന്നും സന്ദർശനത്തിന് ശേഷം ഇരുനേതാക്കളും പ്രതികരിച്ചു. തങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ടെന്നും സൗഹൃദ സന്ദർശനം മാത്രമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ അതൃപ്തനാണെന്ന് ആരാണ് പറഞ്ഞതെന്നായിരുന്നു കെസി വേണുഗോപാലിന്റെ സന്ദർശനത്തിന്റെ പിന്നാലെയുള്ള ജി സുധാകരന്റെ ചോദ്യം. തങ്ങൾ ദീർഘകാലം നിയമസഭയിൽ ഒരുമിച്ചുണ്ടായിരുന്നവരാണ്. താൻ കൂടി അംഗീകരിച്ചതാണ് പാർട്ടിയിലെ പ്രായ നിബന്ധനയെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം വേദികളിൽ നിന്ന് നിരന്തരമായി ഒഴിവാക്കപ്പെടുന്നതിന്റെ അതൃപ്തിയിലാണ് ജി സുധാകരൻ നിലവിൽ. അമ്പലപ്പുഴ ഏരിയ സമ്മേളനത്തിലേക്കും ഉദ്ഘാടനചടങ്ങിലേക്കും ഒന്നും അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. ജി സുധാകരന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കെന്നാണ് ചർച്ചകൾ കൊഴുക്കുന്നത്.
അടുത്തിടെ പാർട്ടിക്കെതിരെയുള്ള വിമർശനങ്ങൾ ജി സുധാകരന്റെ ഭാഗത്ത് നിന്ന് വന്നിരുന്നു. സിപിഎമ്മിലെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടിജെ ആഞ്ചലോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് കള്ളറിപ്പോർട്ട് ഉണ്ടാക്കിയാണെന്ന ജി സുധാകരന്റെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. സിപിഐയുടെ വേദിയിൽ വച്ച് സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രസ്താവന.
Discussion about this post