അമരാവതി: ആന്ധ്രയിലെ സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് ചന്ദ്രബാബു നായിഡു സർക്കാർ. മുൻ വൈ എസ് ആർ കോൺഗ്രസ് സർക്കാർ നാമനിർദ്ദേശം ചെയ്ത ബോർഡാണ് പിരിച്ചുവിട്ടത്. ഇതോടൊപ്പം നിലവിലെ ബോർഡ് മെമ്പർമാരുടെ നിയമനവും അസാധുവാക്കിയിട്ടുണ്ട്. 2023 ഒക്ടോബറിൽ ജഗൻമോഗൻ സർക്കാർ പുറത്തിറക്കിയ ഉത്തരവാണ് ആന്ധ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം റദ്ദാക്കിയത്. 11 അംഗങ്ങളാണ് ബോർഡിൽ ഉണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ തെരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ള നാമനിർദേശം ചെയ്യപ്പെട്ടവരുമായിരുന്നു.
സംസ്ഥാന വഖഫ് ബോർഡ് ഏറെക്കാലമായി പ്രവർത്തനരഹിതമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിന് സ്റ്റേ നൽകിയതിനെ തുടർന്ന് ബോർഡിന്റെ പ്രവർത്തനം നിർജീവമായ അവസ്ഥയിലാണ് തീരുമാനമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
നടപടിയെ ബിജെപി നേതാവും ഐടി സെൽ തലവനുമായ അമിത് മാളവ്യ സ്വാഗതം ചെയ്തിട്ടുണ്ട്. ഒരു മതേതര രാജ്യത്തിൽ വഖഫ് ബോർഡിനെ പിന്തുണയ്ക്കുന്ന ഒരു നിയമവും ഭരണഘടനയിലില്ലെന്നാണ് മാളവ്യ ചൂണ്ടിക്കാട്ടി.
Discussion about this post