മുംബൈ; അഭിനയജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബോളിവുഡ് നായകൻ വിക്രാന്ത് മാസി. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടി കരയറിന്റെ പീക്കിൽ നിൽക്കുമ്പോഴാണ് താരത്തിന്റെ ഈ വിരമിക്കൽ പ്രഖ്യാപനമെന്നത് ആരാധാകരെ ഞെട്ടിച്ചിരിക്കുകയാണ്. പുതിയ ചിത്രം ദി സബർമതി റിപ്പോർട്ട് ബോക്‌സ് ഓഫീസിൽ വലിയ കുതിപ്പ് നടത്തുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സീറോ സെ റീസ്റ്റാർട്ട് പോലെയുള്ള സിനിമകൾ താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതിനോടൊപ്പം ജീവിതത്തിൽ ചെയ്യാൻ ഒരുപാട് റോളുകൾ ബാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭർത്താവ്,പിതാവ്,മകൻ എന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടൻ കുറിച്ചു. അടുത്ത വർഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്റെ അവസാന ചിത്രങ്ങൾ എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.അസാധാരണമായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങൾ. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാൻ ഓരോരുത്തർക്കും നന്ദി പറയുന്നു. പക്ഷേ, മുന്നോട്ട് നോക്കുമ്പോൾ ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസ്സിലാക്കുന്നു. കൂടാതെ ഒരു അഭിനേതാവ് എന്ന നിലയിലും. 2025-ൽ നമ്മൾ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് ചിത്രങ്ങളും ഒരുപാട് ഓർമകളുമുണ്ട്. ഒരിക്കൽക്കൂടി നന്ദിയെന്ന് താരം കുറിച്ചു.
വിക്രാന്ത് മാസിയുടെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. കരിയറിന്റെ ഉയർച്ചയിൽ നിൽക്കുന്ന ഈ സമയത് ഇതുപോലൊരു തീരുമാനം വേണ്ടിയിരുന്നില്ലെന്ന് ആരാധകർ പറയുന്നു
Discussion about this post