ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 റിലീസിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഉള്ളൂ. ആദ്യഭാഗത്തേക്കാൾ മാസും ക്ലാസുമാകും രണ്ടാം ഭാഗമെന്നാണ് അണിയറക്കാരുടെ അവകാശവാദം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ തകർത്ത് നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ ചിത്രത്തിലെ താരങ്ങൾക്ക് നൽകിയ പ്രതിഫലത്തിന്റെ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ ഭാഗത്തിന് 50 കോടിയായിരുന്നു അല്ലു അർജുന്റെ പ്രതിഫലമെങ്കിൽ രണ്ടാം ഭാഗത്തിനായി 300 കോടിയാണേ്രത താരം ചോദിച്ചത്. ഇതോടെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അല്ലു അർജുൻ മാറിക്കഴിഞ്ഞു.
പുഷ്പ 2വിൽ നായിക കഥാപാത്രമായി എത്തുന്ന രശ്മിക മന്ദാനയുടെ പ്രതിഫലം പത്ത് കോടിയാണെന്നാണ് പ്രമുഖ എന്റർടെയ്ൻമെന്റ് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ വിജയത്തിന് ശേഷമാണ് രശ്മിക പ്രതിഫലം ഇരട്ടിപ്പിച്ചത്.ഇതോടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയിൽ രശ്മികയും ഇടംപിടിച്ചു. ദിപിക പദുക്കോൺ, സമന്ത, ആലിയ ഭട്ട് തുടങ്ങിയ നടിമാരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
പ്രതിനായക കഥാപാത്രമായ ബൻവാർ സിങ് ഷെഖാവത് ആയി എത്തുന്ന ഫഹദ് ഫാസിലിന്റെ പ്രതിഫലം എട്ട് കോടിയാണ്. ആദ്യഭാഗത്തിൽ 3.5 കോടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.പുഷ്പ 2വിലെ കിസിക്ക് എന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ശ്രീലീലയുടെ പ്രതിഫലം രണ്ട് കോടിയാണ്. ആദ്യഭാഗത്തിൽ സാമന്ത വാങ്ങിയതിനെക്കാൾ വളരെ കുറവാണ് ശ്രീലീലയുടെ പ്രതിഫലം. അഞ്ച് കോടിയായിരുന്നു അന്ന് സാമന്ത വാങ്ങിയത്. സംഗീത സംവിധായകൻ ദേവീ ശ്രീ പ്രസാദിന് അഞ്ച് കോടിയാണ് പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം കേരളത്തിൽ ‘പുഷ്പ2’ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം ഒരു കോടിയിലേറെ പ്രീ സെയ്ൽസ്. ഡിസംബർ അഞ്ചിനാണ് ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്‌ക്രീനുകളിൽ ചിത്രം എത്താനൊരുങ്ങുന്നത്.
Discussion about this post