ലക്‌നൗ: ക്ഷേത്രത്തിലെ ശ്രീകോവിലിന് മുൻപിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് വനിതാ മോഡൽ. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ മമത റായാണ് ശ്രീകോവിലിന് മുൻപിൽ കേക്ക് മുറിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇവർക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു മമതയുടെ ജന്മദിനം. വാരണസിയിലെ കാലഭൈരവ ക്ഷേത്രത്തിനുള്ളിൽ ആയിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് കേക്കുമായി എത്തിയ മമതയും സംഘവും ശ്രീകോവിന് മുൻപിൽ വച്ച് ഇത് മുറിയ്ക്കുകയായിരുന്നു. ഇതിന് ശേഷം ആദ്യ കഷ്ണം ശ്രീകോവിന് മുൻപിൽ ദൈവത്തിന് എന്ന പേരിൽ വയ്ക്കുകയും ചെയ്തു. കൂടെവന്നയാൾ ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നു. ആഘോഷത്തിന് ശേഷം ഇതെല്ലാം ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
വീഡിയോ കണ്ടതോടെ ഭക്തരും പുരോഹിതരും വിമർശനവുമായി രംഗത്ത് എത്തി. മമതയെ തടയാതിരുന്ന ക്ഷേത്രത്തിലെ പൂജാരിയ്ക്കും മറ്റുള്ളവർക്കും വിമർശനം നേരിടേണ്ടിവന്നിരുന്നു. അതേസമയം സംഭവത്തിൽ വിവാദം ശക്തമായതോടെ സോഷ്യൽ മീഡിയയിലെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ നവീൻ ഗിരി പറഞ്ഞു.
ശ്രീകോവിലിന് മുൻപിൽവച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു എന്ന പ്രചാരണം തെറ്റാണ്. ജന്മദിനങ്ങളിലും മറ്റ് ആഘോഷവേളയിലും ആളുകൾ കേക്കുമായി ക്ഷേത്രത്തിൽ എത്താറുണ്ട്. ഒരു കഷ്ണം ദൈവത്തിന് എന്ന പേരിൽ നൽകാറുമുണ്ട്. ഇത് ഇവിടുത്തെ വഴിപാട് കൂടിയാണ്. ഇത് നിരോധിക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post