ടോക്യോ: ജപ്പാനിൽ മാനസിക സമ്മർദ്ദം അകറ്റാൻ വീടുകൾ കുത്തിത്തുറന്നയാൾ അറസ്റ്റിൽ. 37 കാരനായ യുവാവാണ് അറസ്റ്റിലായത്. ഇതുവരെ ആയിരത്തോളം വീടുകൾ ഇയാൾ കുത്തിത്തുറന്നത്.
അടുത്തിടെ ദസൈഫുവിലെ വീട്ടിൽ ഇയാൾ അതിക്രമിച്ച് കടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞ മറുപടി കേട്ട് പോലീസ് ഞെട്ടി.
മറ്റുള്ളവരുടെ വീടുകൾ കുത്തിത്തുറക്കുകയാണ് തന്റെ ഹോബി എന്നായിരുന്നു പ്രതിയുടെ മൊഴി. ഇതുവരെ ആയിരത്തോളം വീടുകൾ ഇത്തരത്തിൽ കുത്തി തുറന്നിട്ടുണ്ട്. ഓരോ വീടും കുത്തി തുറന്ന ശേഷം തന്നെ ആരെങ്കിലും കണ്ടുപിടിയ്ക്കുമോ ഇല്ലെയോ എന്ന് ഓർക്കും. ഇങ്ങനെ ഓർക്കുമ്പോൾ കൈകൾ വിയർക്കും. ഇതോടെ തന്റെ സമ്മർദ്ദം കുറയുമെന്നും ഇയാൾ പറഞ്ഞതായാണ് പോലീസ് അറിയിക്കുന്നത്. സംഭവം അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായി തന്നെ ഇടം പിടിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മൊഴി പരിശോധിക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അതിനാൽ ഇയാൾക്ക് ആവശ്യമായ വൈദ്യസഹായം ഉൾപ്പെടെ നൽകാൻ ആണ് പോലീസിന്റെ തീരുമാനം.
Discussion about this post