മുംബൈ; നീയെന്താ അംബാനിയാണെന്നാണോ വിചാരം? നമ്മുടെ നാട്ടിൽ ഒരാൾ കാശ് പരിധിക്കപ്പുറം ചെലവാക്കിയാൽ ആളുകൾ ചോദിക്കുന്ന ചോദ്യമാണിത്. രാജ്യത്തെ ഏറ്റവും വലിയ പണക്കാരൻ എന്ന കിരീടം മുകേഷ് അംബാനിയെന്ന വ്യവസായി അണിയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഓരോദിനവും സമ്പത്ത് കുമിഞ്ഞുകൂടുന്ന മാജിക്കാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 10,160 കോടി യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
ഇപ്പോഴിതാ ലോകത്തെ അമ്പരപ്പിച്ച് അദ്ദേഹത്തിന്റെ ആസ്തിയിൽ ഗംഭീര വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. വെറും 120 മണിക്കൂറിൽ 35,860 കോടി രൂപയുടെ ആസ്തി വർധനയാണ് മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യം നേടിയത്. കഴിഞ്ഞ വാരം, തിങ്കൾ മുതൽ വെള്ളി വരെയുള്ള 5 ട്രേഡിംഗ് സെഷനുകളിൽ അതായത് 120മണിക്കൂറിൽ 35,860.79 കോടി രൂപയുടെ വിപണി മൂല്യമാണ് വർധിച്ചത്.ഇതോടെ 17.48 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള അദ്ദേഹത്തിന്റെ റിലയൻസ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു.
ഫോർബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ നിലവിൽ 18 -ാം സ്ഥാനത്താണ് അദ്ദേഹം.പാകിസ്താനിലെ ഏറ്റവും ധനികരായ 10 വ്യക്തികളുടെ ആസ്തികൾ കൂട്ടിയാലും ഇന്ത്യയിലെ അതി സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയോട് കിട പിടിക്കാനാവില്ല.
പാകിസ്ഥാനിലെ ആദ്യ 10 ധനികരുടെ ആസ്തി മുഴുവനുമെടുത്താൽ അത് 28 ബില്യൺ ഡോളറുകളാണ്. അതേ സമയം റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും, ഏഷ്യയിലെ തന്നെ അതി സമ്പന്നനുമായ മുകേഷ് അംബാനിയുടെ മാത്രം ആസ്തി മൂല്യം 100.2 ബില്യൺ ഡോളറുകളാണെന്ന് ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post