ആദായനികുതി വകുപ്പിൻ്റെ പാൻ 2.0 പദ്ധതിക്ക് സർക്കാർ അംഗീകാരം നല്‍കിയിരിക്കുകയാണ്. പാൻ കാർഡിന്റെ ഇഷ്യൂവും മാനേജ്മെൻ്റും കാര്യക്ഷമമാക്കാനും നവീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണു പുതിയ പദ്ധതി. നിലവിലുള്ള 78 കോടി പാനുകളുടെയും 73.28 ലക്ഷം ടാൻമാരുടെയും ഡാറ്റാബേസ് പരിഗണിച്ച് നികുതിദായകരുടെ ആവശ്യങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം.
നിലവിൽ, പാൻ-അനുബന്ധ സേവനങ്ങൾ മൂന്ന് പ്ലാറ്റ്‌ഫോമുകളിൽ ആണ് വ്യാപിച്ചിരിക്കുന്നത്. പാൻ 2.0 ഉപയോഗിച്ച്, ഈ സേവനങ്ങൾ ഒരൊറ്റ ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കും. അപ്‌ഡേറ്റുകൾ, തിരുത്തലുകൾ, ആധാർ-പാൻ ലിങ്കിംഗ്, റീ-ഇഷ്യൂവൻസ് അഭ്യർത്ഥനകൾ, ഓൺലൈൻ പാൻ മൂല്യനിർണ്ണയം തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ ലളിതമാക്കും.
1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരു വ്യക്തി ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശം വക്കുന്നത് നിയമവിരുദ്ധമാണ്. ഒരു വ്യക്തി ഒന്നിൽ കൂടുതൽ പാൻ നമ്പർ കൈവശം വച്ചിട്ടുണ്ടെങ്കിൽ, അത് ജുറിസ്ഡിക്ഷണൽ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്താനും അധിക പാൻ ഡിലീറ്റ്/ഡീ-ആക്ടിവേറ്റ് ചെയ്യാനും അയാൾ ബാധ്യസ്ഥനാണ്.
നിങ്ങൾക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് പാൻ ഉണ്ടെങ്കിൽ, ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം ആദായനികുതി വകുപ്പ് 10,000 രൂപ വരെ പിഴ ഈടാക്കാം. പിഴ അടയ്‌ക്കുന്നതിൽ നിന്ന് ഒഴിവാകണമെങ്കില്‍, നിങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് സറണ്ടർ ചെയ്യുന്നതിന് ആവശ്യമായ ഫോമുകൾ NSDL അല്ലെങ്കിൽ UTIITSL പോലുള്ള പാൻ സേവന ദാതാക്കളിൽ ഫയൽ ചെയ്യണം. അതേസമയം, ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് സറണ്ടർ ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ സാധുവായ പാൻ ആധാറുമായി ലിങ്ക് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, നികുതി ഫയലിംഗുകൾ എന്നിവയുൾപ്പെടെ എല്ലാ സാമ്പത്തിക രേഖകളിലും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്.
Discussion about this post